പത്തനംതിട്ട : മഴക്കാലം ആരംഭിച്ചതോടെ കുമ്പഴ, കോന്നി വൈദ്യുതി സെക്ഷനുകളുടെ പരിധിയിൽ ഉൾപ്പെടുന്ന വിവിധ പ്രദേശങ്ങളിൽ നിരന്തരമായി ഉണ്ടാകുന്ന വൈദ്യുതി തകരാറ് പരിഹരിക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് വടക്കുപുറം ഗ്രാമ വികസന സമിതി യോഗം ബന്ധപ്പെട്ട വൈദ്യുതി, റവന്യു വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ, വെട്ടൂർ, മുട്ടുമൺ, വടക്കുപുറം, പ്ലാവേലി, പരുത്തിയാനി, കുമ്പഴ, നെടുമാനാൽ, അട്ടച്ചാക്കൽ, ചെങ്ങറ, ആഞ്ഞിലികുന്ന്, കിഴക്കുപുറം, കോട്ടമുക്ക്, മലയാലപ്പുഴ തുടങ്ങിയ നിരവധി പ്രദേശങ്ങളിൽ മഴയും കാറ്റും മൂലം വൈദ്യുതി തകരാർ സംഭവിച്ചിട്ടും അത് പരിഹരിക്കുവാൻ ഒട്ടേറെ മണിക്കൂറുകളും ദിവസങ്ങളും താമസമുണ്ടായത് ജനങ്ങൾക്ക് വളരെയധികം ദുരിതമുണ്ടാക്കിയെന്നും ഗ്രാമവികസന സമിതി യോഗം ചൂണ്ടിക്കാട്ടി.
കുമ്പഴ, കോന്നി ഉൾപ്പെടെയുള്ള വൈദ്യുതി സെക്ഷനുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ ഉണ്ടാകുന്ന വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നതിന് ആവശ്യമായ ജീവനക്കാരോ ഉപകരണങ്ങളോ ഇല്ലാത്തത് വളരെ അധികം പ്രതിസന്ധി സൃഷ്ടിക്കുന്നതായും ഇത് പരിഹരിച്ച് വൈദ്യുതി വിതരണം സുഗമമാക്കുവാൻ ആവശ്യമായ കരാർ ജീവനക്കാർ, റാപ്പിംഡ് റെസ്പോൺസ് ടീം ഉൾപ്പെടെയുള്ള വരെ നിയമിക്കുകയും രാത്രികാലങ്ങളിൽ പ്രവർത്തിപ്പിക്കുവാൻ സാധിക്കുന്ന സെർച്ച് ലൈറ്റുകൾ, ഓട്ടോമാറ്റിക് ലാഡറുകൾ, ട്രീകട്ടിംഗ് മെഷിനുകൾ എന്നീ സംവിധാനങ്ങൾ കൂടുതലായി ഒരുക്കുകയും ചെയ്യണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. സെക്ഷൻ ഓഫീസുകളിൽ പരാതി വിളിച്ച് അറിയിക്കുവാൻ മെച്ചപ്പെട്ട സംവിധാനം വേണമെന്നും യോഗം ആവശ്യപ്പെട്ടു. ഗ്രാമ വികസന സമിതി രക്ഷാധികാരി സാമുവൽ കിഴക്കുപുറം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യോഹന്നാൻ ശങ്കരത്തിൽ, ഷാനവാസ് പൂവണത്തിൽ, ജെയിംസ് പരുത്തിയാനി, സദാശിവൻപിള്ള ചിറ്റടിയിൽ, ജിനു പുത്തൻവിളയിൽ, പ്രവാസി മോനച്ചൻ, സന്തോഷ് കിഴക്കേക്കര, സജി കുമ്പംപാറ, അക്ഷയ് ചിറ്റടിയിൽ, കാർത്തിക് സാമുവൽ എന്നിവർ പ്രസംഗിച്ചു.