ആലപ്പുഴ: ഭരണഘടനയാണ് രാജ്യത്തെ പ്രധാന പ്രാണപ്രതിഷ്ഠയെന്നും അതിന് മുകളിൽ ഒരു പ്രതിഷ്ഠക്കും സ്ഥാനമില്ലെന്നും മന്ത്രി പി.പ്രസാദ്. മണിപ്പൂരിൽ ജനങ്ങൾ ഭീതിയിൽ കഴിയുന്നു, പൗരത്വം അപകടത്തിലാകുന്നു എന്ന് കരുതുന്നവരും രാജ്യത്തുണ്ട്. ഈ ഭയങ്ങൾ മാറാൻ ഭരണഘടനയെ പ്രാണനാക്കി പ്രതിഷ്ഠിക്കണമെന്നും ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്നവർ ജനാധിപത്യത്തെ മാനിക്കാൻ ബാധ്യസ്ഥരാണെന്നും ആലപ്പുഴയിൽ റിപ്പബ്ലിക് ദിന സന്ദേശത്തിൽ മന്ത്രി വ്യക്തമാക്കി.
അതേസമയം 75ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരുഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകി. മലയാളത്തിലാണ് ഗവർണറുടെ സന്ദേശം ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ സംബന്ധിച്ചു. മുഖ്യമന്ത്രിയെ പേര് വിളിച്ചാണ് ഗവർണർ പ്രസംഗത്തിൽ അഭിസംബോധന ചെയ്തത്