പത്തനംതിട്ട : സംഘപരിവാർ നയിക്കുന്ന നരേന്ദ്ര മോഡി ഭരണത്തിൽ പരിപാവനമായ ഇൻഡ്യൻ ഭരണഘടനയും ഭരണഘടനാ സംവിധാനങ്ങളളും അട്ടിമറിക്കപ്പെടുകയാണെന്നും ഇത് രാജ്യത്തിന്റെ വർത്തമാനകാല ദുര്യോഗമാണെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട രാജീവ്ഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷവും എ.ഐ.സി.സി ആഹ്വാനം അനുസരിച്ചുള്ള ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ പ്രചരണ പരിപാടിയും അതോടനുബന്ധിച്ച് നടത്തിയ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര ഇൻഡ്യ കൈവരിച്ച ഇന്നോളമുള്ള എല്ലാ നേട്ടങ്ങളുടേയും നേരവകാശികൾ ഇൻഡ്യൻ നാഷണൽ കോൺഗ്രസും അതിന്റെ നേതാക്കളുമാണ് എന്നാൽ ബി.ജെ.പി സർക്കാർ ചരിത്രം വളച്ചൊടിക്കുവാനും നേതാക്കളെ തമസ്കരിക്കുവാനും ബോധപൂർവ്വം ശ്രമം നടത്തുകയാണെന്ന് പഴകുളം മധു പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തെപ്പോലും തള്ളിപ്പറഞ്ഞ് അതിന് പുതിയ ഭാഷ്യവും ചരിത്രവും രചിക്കുവാനുള്ള ഭരണകൂട ശ്രമത്തെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ് എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്ന് കെ.പി.സി.സി ജനറൽ സെകട്ടറി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി സി.സി നയ രൂപീകരണ സമിതി ചെയർമാൻ ഡോ.ജെ.എസ് അടൂർ സെമിനാറിൽ വിഷയാവതരണം നടത്തി. കെ.പി.സി.സി വക്താവ് പന്തളം സുധാകരൻ, മുൻ എം.ൽ.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ ചെയർമാൻ എ.ഷംസുദ്ദീൻ, നേതാക്കളായ റിങ്കു ചെറിയാൻ, അനിൽ തോമസ്, വെട്ടൂർ ജ്യോതിപ്രസാദ്, എ. സുരേഷ്‌കുമാർ, സാമുവൽ കിഴക്കുപുറം, അഹമ്മദ് ഷാജി, രഘുനാഥ്, സജി കൊട്ടക്കാട്, കെ. ജാസിൻകുട്ടി, കാട്ടൂർ അബ്ദുൾ സലാം, എസ്.വി പ്രസന്നകുമാർ, ലാലു ജോൺ, റെജി പൂവത്തൂർ, ബിനു ചക്കാല, ശ്യാം കുരുവിള, ഡി.എൻ തൃദീപ്, ഉണ്ണികൃഷ്ണൻനായർ, എലിസബത്ത് അബു, ബിജു വര്ഗീസ്, ബിജിലി ജോസഫ് എന്നിവർ പ്രസംഗിച്ചു.