ഇടുക്കി: ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ നിര്‍മ്മാണ നിരോധനവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയതില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കളക്ടര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഡിസിസിയുടെ നേതൃത്വത്തില്‍ ദേവികുളം ആര്‍ ഡി ഒ ഓഫീസ് ഉപരോധിച്ചു. ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂരി നല്‍കിയ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശത്തെ മുന്‍നിര്‍ത്തിയാണ് ജില്ലയിലെ മൂന്നാറും ദേവികുളവും ഉള്‍പ്പെടുന്ന 13 പഞ്ചായത്തുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയത്.
ഇതേ തുടര്‍ന്ന് 13 പഞ്ചായത്തുകളിലും നിര്‍മ്മാണ നിരോധനവും മറ്റ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി കളക്ടര്‍ ഉത്തരവിറക്കി. ഇതിനെതിരേയാണ് കോണ്‍ഗ്രസ് പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്. ആദ്യഘട്ടമെന്ന നിലയില്‍ ദേവികുളം ആര്‍ ഡി ഒ ഓഫീസിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ഉപരോധവും സംഘടിപ്പിച്ചു. ഇടുക്കി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് സമരം ഉദ്ഘാടനം ചെയ്തു. എന്നാല്‍ ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഭൂ നിയമഭേതഗതി ബില്‍ കൊണ്ടുവന്നെങ്കിലും ഇതും ശാശ്വത പരിഹാരമാകില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇതിനെതിരേയും സമരം ശക്തമാക്കാനാണ് കോണ്‍ഗ്രസ് നീക്കം.