ചെങ്ങന്നൂർ: സാങ്കേതിക തടസ്സങ്ങളുടെ പേരില്‍ സ്മാരക നിര്‍മ്മാണം തടസ്സപ്പെടുത്തരുതെന്ന് കുടിലില്‍ ജോര്‍ജിന്‍റെ മകന്‍ ജോര്‍ജ്ജ് മാത്യു. സ്വാതന്ത്ര്യ സമരസേനാനിയായ തന്‍റെ പിതാവ് കുടിലില്‍ ജോര്‍ജ്ജിന്റെ സ്മാരകം ചരിത്ര പ്രാധാന്യമുള്ള ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരത്തെ മില്‍സ് മൈതാനത്ത് തന്നെ നിര്‍മ്മിച്ചു കാണാന്‍ മാത്യുവും കുടുംബാംഗങ്ങളും വര്‍ഷങ്ങളായി ആഗ്രഹിക്കുന്നതാണ്. കുടിലില്‍ ജോര്‍ജ്ജിന്റെ ഭാര്യയും മാത്യുവിന്‍റെ മാതാവുമായ അന്നമ്മ ജോര്‍ജ്ജ് ഇതേക്കുറിച്ച് എപ്പോഴും പറയുമായിരുന്നു.
മാതാവ് മരണം വരെ സ്മാരകം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. മാതാവിനും ഭാര്യ മേരിക്കുട്ടി മാത്യുവിനും ഉള്‍പ്പെടെ പല കുടുംബാംഗങ്ങള്‍ക്കും സ്മാരകം നിര്‍മ്മിച്ചുകാണാനുള്ള ഭാഗ്യമുണ്ടായില്ല. ജോര്‍ജ്ജ് മാത്യുവിന് ഇപ്പോള്‍ 83 വയസ്സായി. ഇനിയും സ്മാരകം നിര്‍മ്മിക്കാന്‍ സാധ്യതയില്ല എന്ന് കരുതിയപ്പോഴാണ് മുന്‍ നഗരസഭാ ചെയര്‍മാനും അയല്‍വാസി കൂടിയായ കെ.ഷിബുരാജന്‍ ഇതിനായി വലിയ പരിശ്രമം നടത്തിയത് സ്മരകം പൂര്‍ത്തീകരിച്ച് കാണാന്‍ കഴിയുമെന്ന പ്രതീക്ഷ വീണ്ടുമുണ്ടായി.
സാങ്കേതിക തടസ്സങ്ങളുടെ പേരില്‍ സ്മാരക നിര്‍മ്മാണം തടസ്സപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥന മാത്രമേ മുന്നോട്ട് വയ്ക്കാനുള്ളൂ. പിതാവ് വെടിയേറ്റു മരിച്ച സെപ്റ്റംബര്‍ 29 നു തന്നെ ലയണ്‍സ് ക്ലബ്ബ് സ്മാരക നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി വേദനിപ്പിക്കരുതെന്ന് കുടിലിൽ തുണ്ടത്തില്‍മല ജോര്‍ജ്ജ് മാത്യു പറഞ്ഞു