ആലപ്പുഴ : പുതുതായി പണിയുന്ന ആലപ്പുഴ ബൈപ്പാസിന്റെ നിർമാണം 75 ശതമാനം പൂർത്തിയായി. ഗർഡറുകൾ മൂന്നുമാസത്തിനകം സ്ഥാപിക്കും. ഗർഡറിനു മുകളിൽ കോൺക്രീറ്റ് സ്ലാബിടുന്നതാണ് അടുത്ത പടി. അടുത്ത വർഷത്തോടെ നിർമാണം പൂർത്തിയാകും. 96 പില്ലറുകളും 492 പൈലുകളും 392 ഗർഡറുകളുമാണ് ആകെ വേണ്ടത്. ഇതിൽ 80 പില്ലറുകളും പണിതു. 124 ഗർഡറുകൾ പില്ലറുകളിൽ സ്ഥാപിച്ചു. റെയിൽവേ മേൽപ്പാലത്തിനടുത്തുള്ള പില്ലറിന്റെ എട്ടുപൈലുകൾ മാത്രമാണ് താഴ്‌ത്താനുള്ളത്. റെയിൽവേ മേൽപ്പാലത്തിന്റെ ഭാഗത്ത് 61.46 മീറ്റർ നീളമുള്ള കൂറ്റൻ സ്റ്റീൽ ഗർഡറാണ് സ്ഥാപിക്കുന്നത്. തെക്കുഭാഗത്തെ റെയിൽവേ മേൽപ്പാലത്തിനടുത്ത് രണ്ടു ബൈപ്പാസുകളുംതമ്മിൽ 5.5 മീറ്ററാണ് ദൂരം. എന്നാൽ വടക്കേ മേൽപ്പാലത്തിനടുത്ത് ഇത് 1.2 മീറ്ററാണ്.
വാഹനങ്ങൾക്ക് കടപ്പുറത്തേക്കിറങ്ങാനുള്ള രണ്ടു റാംപുകളുടെയും നിർമാണം തുടങ്ങിയിട്ടില്ല. നിർമാണത്തിലുള്ള മൂന്നുവരി ബൈപ്പാസ് എറണാകുളം ഭാഗത്തേക്കും പഴയ രണ്ടുവരി ബൈപ്പാസ് തിരുവനന്തപുരം ഭാഗത്തേക്കുമുള്ളതാണെന്നാണ് അധികൃതർ പറയുന്നത്. 6.7 കിലോമീറ്ററാണ് ബൈപ്പാസിന്റെ നീളം. ഇതിൽ 3.34 കിലോമീറ്റർ ഉയരപ്പാതയാണ്. മണ്ണിട്ടുയർത്തിയാണ് ബാക്കിഭാഗം നിർമിക്കുന്നത്. നിലവിെല ബൈപ്പാസിനു പടിഞ്ഞാറുവശത്താണ് പുതിയപാലം പണിയുന്നത്. മൂന്ന് അടിപ്പാതകളുണ്ട്. മാളികമുക്കിൽ രണ്ടും കുതിരപ്പന്തിയിൽ ഒന്നും. രണ്ടു റെയിൽവേ മേൽപ്പാലങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടും.