ലണ്ടൻ : യുകെയിൽ വമ്പൻ ജഗന്നാഥ ക്ഷേത്രനിർമ്മാണത്തിന് ഉടൻ തുടക്കമിടും . ബ്രിട്ടനിലെ ആദ്യ ജഗന്നാഥ ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി ഇന്ത്യൻ വ്യവസായി ബിശ്വനാഥ് പട്നായിക് 250 കോടി രൂപ സംഭാവന നൽകി. യുകെയിലെ ശ്രീ ജഗന്നാഥ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നിർമ്മാണം . ഇംഗ്ലണ്ടിലെ ചാരിറ്റി കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ശ്രീ ജഗന്നാഥ് സൊസൈറ്റി (എസ്ജെഎസ്) അക്ഷയതൃതീയയോടനുബന്ധിച്ച് യുകെയിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജഗന്നാഥ് സൊസൈറ്റിയും ഇതുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ട്വിറ്റർ ഹാൻഡിൽ പങ്കുവച്ചിട്ടുണ്ട്.
അടുത്ത വർഷം അവസാനത്തോടെ ക്ഷേത്രത്തിന്റെ ആദ്യഘട്ടം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 250 കോടി രൂപയിൽ 70 കോടി രൂപ ലണ്ടനിലെ ‘ശ്രീ ജഗന്നാഥ ക്ഷേത്രത്തിന്’ വേണ്ടി 15 ഏക്കർ സ്ഥലം വാങ്ങാൻ നീക്കിവെച്ചതായാണ് റിപ്പോർട്ടുകൾ. അനുയോജ്യമായ ഭൂമി കണ്ടെത്തിയതായി ശ്രീ ജഗന്നാഥ് സൊസൈറ്റി പ്രസ്താവനയിൽ പറഞ്ഞു. ജഗന്നാഥ ഭഗവാന്റെ അനുഗ്രഹത്താലാണ് ക്ഷേത്രം പണിയാൻ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ സാധിച്ചതെന്നും സംഭാവന നൽകാൻ സാധിച്ചതെന്നും ബിശ്വനാഥ് പട്നായിക് പറയുന്നു. ഒഡീഷ നിവാസിയായ ബിശ്വനാഥ് പട്നായിക് ‘ഫിന്നസ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ’ ചെയർമാനും സ്ഥാപകനുമാണ്. റിന്യൂവബിൾസ്, ഇലക്ട്രിക് വാഹനങ്ങൾ (ഇവി), ഹൈഡ്രജൻ ലോക്കോമോട്ടീവുകൾ തുടങ്ങിയവയിൽ അദ്ദേഹം നിക്ഷേപം നടത്തുന്നു.
ഉത്കൽ സർവകലാശാലയിൽ നിന്ന് എംബിഎയും നിയമ ബിരുദവും നേടിയിട്ടുണ്ട്. വർഷങ്ങളോളം ബാങ്കിംഗ് മേഖലയിൽ പ്രവർത്തിച്ചതിന് ശേഷം 2009ലാണ് പട്നായിക് ബിസിനസ് ലോകത്തേക്ക് പ്രവേശിച്ചത്. ഒഡീഷയിലെ ഒരു ഇവി-ഹൈഡ്രജൻ ട്രക്ക്, കൊമേഴ്‌സ്യൽ ഹെവി വെഹിക്കിൾ നിർമ്മാണ പ്ലാന്റിൽ 500 കോടി രൂപ നിക്ഷേപിക്കാനുള്ള പദ്ധതി അടുത്തിടെ പട്നായിക് പങ്കുവെച്ചിരുന്നു. മതപരമായ പ്രവർത്തനങ്ങളിലും അദ്ദേഹം വളരെ സജീവമാണ്. ബിശ്വനാഥ് പട്നായിക് ഇതിനകം നിരവധി ചാരിറ്റബിൾ ട്രസ്റ്റുകൾക്ക് സംഭാവന നൽകിയിട്ടുണ്ട്. യുനെസ്കോയ്‌ക്കും അദ്ദേഹം സംഭാവന നൽകിയിട്ടുണ്ട്. ഇത് കൂടാതെ 500 പാവപ്പെട്ട പെൺകുട്ടികളുടെ വിദ്യാഭ്യാസ ചിലവും ഏറ്റെടുത്തിട്ടുണ്ട്.