കൊല്ലം : ജില്ലാ ജയില്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ എം മുകേഷ് എംഎല്‍എ. നഗര പരിധിക്ക് പുറത്ത് ജയിലിന് അനുയോജ്യമായ ഭൂമി കണ്ടെത്തണമെന്ന് എംഎല്‍എ പറഞ്ഞു. നഗര വികസനത്തിനോ പൊതുജനോപകാരപ്രദമായ കാര്യങ്ങള്‍ക്കോ ഭൂമി ഉപയോഗിക്കണം. ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിക്ക് പര്യാപ്തമെങ്കില്‍ നിലവിലെ ഭൂമി നല്‍കണം. വിഷയം മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തും. വിഷയത്തില്‍ സബ്കളക്ടര്‍ക്ക് കത്ത് നല്‍കിയെന്നും എം മുകേഷ് എംഎല്‍എ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ജില്ലാ ജയില്‍ നിര്‍മിക്കുന്നതിനായി നഗര ഹൃദയത്തില്‍ സ്ഥലം വിട്ടു നല്‍കുന്നത് ഉചിതമല്ല. കൊല്ലം താലൂക്കില്‍ കൊല്ലം വെസ്റ്റ് വില്ലേജില്‍ പള്ളിത്തോട്ടത്ത് ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ കൈവശത്തില്‍ ഉണ്ടായിരുന്ന 4.04 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുക ഉണ്ടായി. പ്രസ്തുത ഭൂമി കൊല്ലം ജില്ലാ ജയിലിനായി കൈമാറുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായി മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍ പെടുകയുണ്ടായി.
കൊല്ലം തുറമുഖത്തിനും കൊല്ലം ബീച്ചിനും കൊല്ലം കനാലിനും കൊല്ലം ജില്ലാ ആസ്ഥാനത്തിനും വളരെ ദൂരെ അല്ലാതെയുമായി നഗര ഹൃദയത്തോടു ചേര്‍ന്നു ശ്രദ്ധേയമായ നിലയില്‍ സ്ഥിതി ചെയ്യുന്ന ടി ഭൂമി ജയിലിനായി കൈമാറുന്നത് ഉചിതമല്ല. നഗര വികസനത്തിന് സഹായകരമായതോ പൊതുജനോപകാരപ്രദമായതോ ആയ പ്രൊജക്ടുകള്‍ക്ക് വേണ്ടി മാത്രമേ ടി ഭൂമി ഉപയോഗിക്കുവാന്‍ പാടുള്ളൂ. ജില്ലാ ജയിലിനായി നഗര പരിധിക്കുപുറത്ത് അനുയോജ്യമായ ഭൂമി കണ്ടെത്തുന്നതാവും ഉചിതം. കൊല്ലം കോടതി സമുച്ചയത്തിനും നവോത്ഥാന സാംസ്‌കാരിക സമുച്ചയത്തിനുമൊക്കെയായി നഗര പരിധിയില്‍ ഭൂമി കണ്ടെത്തുന്നതിന് വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചതാണ്.
കൊല്ലത്ത് അനുവദിച്ച ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിക്കും ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിന് ഭൂമി ഇതുവരെയും കണ്ടെത്തിയിട്ടില്ല. കൂടാതെ ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കേണ്ടുന്ന വിവിധ വകുപ്പുകളുടെ ജില്ലാതല താലൂക്ക്-തല ഓഫീസുകള്‍ക്ക് സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍ വാടക കെട്ടിടത്തില്‍ മറ്റുമായാണ് പ്രവര്‍ത്തിച്ചു വരുന്നത്. മേല്‍ സാഹചര്യത്തില്‍ കൊല്ലം നഗരത്തിന് ഒരനുഗ്രഹമായി ലഭ്യമായ ടി ഭൂമി ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിക്കു പര്യാപ്തമാണെങ്കില്‍ ആയതിനായും അല്ലാത്ത പക്ഷം നഗരവികസനത്തിന് സഹായകരമായ പൊതു ജനോപകാരപ്രദമായ പ്രോജക്ടുകള്‍ക്കോ ജില്ലാ ആസ്ഥാന പരിധിയില്‍ പ്രവര്‍ത്തിക്കേണ്ട വിവിധ വകുപ്പുകളുടെ ജില്ലാതല താലൂക്ക്-തല ഓഫീസുകളുടെ കെട്ടിട നിര്‍മ്മാണത്തിനായോ മാത്രമേ കൈമാറേണ്ടതുള്ളു. ഈ വിവരങ്ങള്‍ കാണിച്ചുകൊണ്ട് ബഹുമാനപ്പെട്ട ജില്ലാകളക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുതുന്നതായിരിക്കും.