കോന്നി : കോന്നി ബ്ലോക്ക് പഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താലൂക്ക് ആശുപത്രിയുടെ മുഖഛായ മാറ്റുന്ന തരത്തിൽ പുതിയ റോഡ് നിർമ്മിക്കുന്നതിനായി 21 ലക്ഷം രൂപയും 2024-25 വാർഷിക പദ്ധതിയിൽ കവാടവും അനുബന്ധമായി വെയിറ്റിങ് ഏരിയയും നിർമ്മിക്കുന്നതിന് 23 ലക്ഷം രൂപയും വകയിരുത്തിയിരുന്നു. പുതിയ കെട്ടിടത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്ന തരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. അഗ്നിശമന സേനയുടെ വാഹനം ആംബുലന്‍സ് ഉൾപ്പെടെ ആശുപത്രിയിലേക്ക് തടസം കൂടാതെ കടന്ന് വരുന്നതിന് റോഡിൻ്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ സാധിക്കും. അത്യാഹിത വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റപ്പെടുമ്പോൾ അത്യാസന്ന നിലയിലുള്ള രോഗികളെ വേഗത്തിൽ എത്തിക്കുന്നതിന് പുതിയ റോഡ് ഉപകരിക്കും.
കൂടാതെ ആശുപത്രി ചുറ്റി ഇരുവശത്തുകൂടിയും സഞ്ചാരം സാധ്യമാകുമെന്നതിനാൽ ആശുപത്രിയെ ആശ്രയിക്കുന്ന രോഗികൾക്ക് ബുദ്ധിമുട്ട് ഇല്ലാതെ കടന്നു വരുന്നതിനും സാധ്യമാക്കും. റോഡ് കടന്ന് പോകുന്ന സ്ഥലത്തെ മരം മുറിയ്ക്കുന്നതുൾപ്പെടെയുള്ള നൂലാമാലകൾ പരിഹരിച്ചാണ് നിർമ്മാണം ആരംഭിച്ചത്. കൂടാതെ പ്രധാന പാത രണ്ടായി തിരിയുന്ന സ്ഥലത്ത് അഗ്നിശമന സേനയുടെ വാഹനം ഉൾപ്പെടെ കടന്നുപോകുന്നതിനായി കവാടവും അനുബന്ധമായി വെയിറ്റിങ്ങ് ഏരിയയും നിർമ്മിക്കുന്നതിന് 23 ലക്ഷം രൂപ 2024-25 വാർഷിക പദ്ധതിയിൽ അനുവദിച്ചിരുന്നു. അതിൻ്റെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അമ്പിളി, വൈസ് പ്രസിഡൻ്റ് ആർ.ദേവകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ തുളസീമണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, അസിസ്റ്റൻ്റ് എൻഞ്ചിനീയർ ശ്രീജ കുഞ്ഞമ്മ ആശുപത്രി സൂപ്രണ്ട് സ്മിത ആൻ സാം എന്നിവർ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.