തിരുവനന്തപുരം: വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിങ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിൻ്റെ ഭാഗമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറിന് മന്ത്രിസഭ അംഗീകാരം നൽകി. 45 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡുമായി ബന്ധപ്പെട്ട് കിഫ്ബി, ദേശീയ പാത അതോറിറ്റി, ക്യാപിറ്റൽ റീജിയൺ ഡെവലപ്‌മെൻ്റ് പ്രോജക്റ്റ് -II (CRDP), പൊതുമരാമത്ത് വകുപ്പ് എന്നിവർ ഉൾപ്പെട്ട കരട് ചതുർകക്ഷി കരാറാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകരിച്ചത്. റോഡ് നിർമിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 50% (ഏകദേശം 930.41 കോടി രൂപ) കിഫ്‌ബി മുഖേന നൽകും. സർവീസ് റോഡുകളുടെ നിർമാണത്തിനാവശ്യമായ തുക (ഏകദേശം 477.33 കോടി രൂപ ) എം.ഐ.ഡി.പി.
(Major Infrastructure Development Projects) യുടെ ഭാഗമാക്കാവുന്നതും ഈ തുക അഞ്ച് വർഷത്തിനുള്ളിൽ കേരള സർക്കാർ ദേശീയപാത അതോറിറ്റിക്ക് നൽകുന്നതുമാണ്. കൂടാതെ, റോയല്‍റ്റി, ജിഎസ്ടി ഇനങ്ങളിൽ ലഭിക്കുന്ന തുകയും സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുവയ്ക്കും. ചരക്ക് സേവന നികുതി ഇനത്തില്‍ ലഭിക്കുന്ന 210.63 കോടി രൂപയും, റോയല്‍റ്റി ഇനത്തില്‍ ലഭിക്കുന്ന 10.87 കോടി രൂപയുമാണ് വേണ്ടെന്നുവയ്ക്കുക. ഔട്ടർ റിങ് റോഡിൻ്റെ നിർമാണത്തിനിടെ ലഭ്യമാകുന്ന കരിങ്കൽ ഉത്പ്പന്നങ്ങളും മറ്റ് പാറ ഉത്പ്പന്നങ്ങളും റോയൽറ്റി ഇളവ് ലഭിക്കുന്ന ഉത്പ്പന്നങ്ങളും ഈ ദേശീയപാതയുടെ നിർമാാണത്തിന് മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളു.