കോന്നി : പയ്യനാമൺ പെരിഞ്ഞൊട്ടക്കൽ റോഡിൽ മച്ചിക്കാട് അംഗൻവാടിക്ക് സമീപം നിർമ്മാണം പൂർത്തീകരിക്കേണ്ട ഭാഗം അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി പി ഐ മച്ചിക്കാട് ബ്രാഞ്ച് സെക്രട്ടറി ബിജി ബി സുകുമാരൻ കോന്നി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. അംഗൻവാടിക്ക് സമീപം ഏകദേശം മുപ്പത് മീറ്റർ റോഡാണ് നിർമ്മാണം പൂർത്തീകരിക്കാതെ തർന്ന് കിടക്കുന്നത്. ഫണ്ട് തികയില്ലെന്ന കാരണം പറഞ്ഞാണ് നിർമ്മാണം പൂർത്തിയാക്കാത്തത്.
ഒരു വർഷത്തോളമായി കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഇത്രയും ഭാഗം വെട്ടിപൊളിച്ച് ഇട്ടിരിക്കുന്നു. ഇത് കാരണം കാൽനട യാത്ര പോലും ദുഷ്കരമാണ്. മാത്രമല്ല പ്രദേശവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന അംഗൻവാടിയും പ്രൈമറി ഹെൽത്ത് സെന്ററും ഇതേ റോഡിന് സമീപമായാണ് സ്ഥിതി ചെയ്യുന്നത്. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ഏകദേശം ഇരുപത്തഞ്ച് ലക്ഷം രൂപയോളം റോഡിന് അനുവദിച്ചതായി അറിയുവാൻ കഴിയുന്നുണ്ട്. എന്നിട്ടും റോഡിലെ ഈ ഭാഗം നിർമ്മാണം പൂർത്തീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. റോഡ് നിർമ്മാണം പൂർത്തീകരിച്ചില്ലെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ച് സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സി പി ഐ മച്ചിക്കാട് ബ്രാഞ്ച് സെക്രട്ടറി ബിജി ബി സുകുമാരൻ അറിയിച്ചു.