ചെങ്ങന്നൂർ: സർക്കാരിന്റെ ഭാഗത്തെ കെടുകാര്യസ്ഥതയും അനാസ്ഥയും മൂലമാണ് പുത്തൻകാവ് പാലം പണി പൂർത്തീകരിക്കുവാൻ വലിയ കാലതാമസം ഉണ്ടായതെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. പാലം പണി കാലതാമസപ്പെടുത്തണമെന്ന ഭരണ നേതൃത്വത്തിന്റെ ദുരുദ്ദേശവും ഇതിന്റെ പിന്നിൽ ഉണ്ടോ എന്ന് സംശയിക്കുന്നു. പാലം പണിയുടെ പേരിൽ പ്രധാനപ്പെട്ട സംസ്ഥാന പാതയായ മാവേലിക്കര – കോഴഞ്ചേരി റോഡിലെ പുത്തൻകാവ് വഴിയുള്ള ഗതാഗതം നിരോധിച്ചിട്ട് ഒന്നേകാൽ വർഷത്തിലധികമായി. ചെറിയ ഒരു പാലം പണിക്ക് ഇത് വലിയ കാലയളവ് ആണെന്നും ആസൂത്രണത്തിലെ പിഴവ് മൂലമാണ് ഇത്രയും കാലതാമസം ഉണ്ടായതെന്നും യോഗം അഭിപ്രായപ്പെട്ടു.
നാല് കരാർ പണിക്കാർ മാറിമാറി വന്നതും സർക്കാരിന്റെ ഭാഗത്തുനിന്നും മേൽനോട്ടത്തിലും നടപ്പിലാക്കലിലും വന്ന അനാസ്ഥയും വീഴ്ചയും മൂലമാണ് പാലംപണി പൂർത്തീകരിക്കുവാൻ ഏറെ കാലതാമസം നേരിട്ടത്. ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിൽ വന്ന കാലതാമസം മൂലവും മഴയെ തുടർന്നുമാണ് പാലംപണി വൈകിയതെന്ന ബന്ധപ്പെട്ടവരുടെ വിശദീകരണം പൊതുജനങ്ങൾ വിശ്വസിക്കുകയില്ല. പാലം പണിക്ക് 3.36 കോടി രൂപ ചെലവാകുമെന്ന ബന്ധപ്പെട്ടവരുടെ വെളിപ്പെടുത്തൽ കളവാണ്. സർക്കാർ രേഖകൾ പ്രകാരം 3.36 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും 2.40 കോടി രൂപ മാത്രമാണ് കരാറുകാരൻ ചെലവഴിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങ ളിൽ വൻ അഴിമതി ഉണ്ടെന്നും യോഗം ആരോപിച്ചു.
അകാരണമായ കാലതാമസം മൂലം ശബരിമല തീർഥാടകർക്ക് ഏറെ ദുരിതങ്ങൾ നേരിട്ടു. പുത്തൻകാവിലും സമീപ പ്രദേശങ്ങളിലുമുള്ള പൊതുജനങ്ങൾക്ക് ചെങ്ങന്നൂരിൽ എത്തിച്ചേരുന്നതിന് നാലുകിലോമീറ്റർ അധിക ദൂരം സഞ്ചരിക്കേണ്ടി വരു ന്നതുമൂലം യാത്രാ ദുരിതങ്ങൾ ഏറെ അനുഭവിച്ച് വരുന്നു. പാലത്തിനു സമീപത്തുകൂടി ചെറിയ നടപ്പാത പോലും നിർമ്മിക്കാതെ ഇരുന്നത് കാൽനടയാത്രക്കാർക്കും ഏറെ പ്രയാസങ്ങൾ നേരിട്ടു. പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഭരണ നേതൃത്വത്തിന്റെ ജാഗ്രതയും ഇടപെടലുകളും ഉണ്ടായിരുന്നുവെങ്കിൽ പ്രസ്തുത സാഹചര്യം ഒഴിവാക്കാമായിരുന്നു. പാലം പണിയിലെ അഴിമതി സംബന്ധമായും അന്വേഷണം ഉണ്ടാകണമെന്ന് നേതൃയോഗം ആവശ്യപ്പെട്ടു.
ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ജോർജ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ.എബി കുര്യാക്കോസ്, നളന്ദ ഗോപാലകൃഷ്ണൻ നായർ, സുനിൽ പി ഉമ്മൻ പി.വി ജോൺ, കെ.ദേവദാസ്, സുജ ജോൺ, ആർ ബിജു, ശശി എസ് പിള്ള, കെ.ആർ മുരളീധരൻ, വരുൺ മട്ടക്കൽ, ഗോപു പുത്തൻ മഠത്തിൽ, ജേക്കബ് വഴിയമ്പലം, ഓമന വർഗീസ്, മനീഷ് കെ.എം, മിനി സാജൻ, സുബിൻ മാത്യു എന്നിവർ സംസാരിച്ചു.