റാന്നി : ശബരിമല തീർത്ഥാടന കാലത്തിന് നാളുകൾ ബാക്കി നിൽക്കെ റാന്നി ഇട്ടിയപ്പാറയിലെ ഇടത്താവള നിർമ്മാണം അനിശ്ചിതത്തിലായിട്ട് 9 വർഷം പൂര്‍ത്തിയാകുന്നു. പതിവുപോലെ റാന്നി എംഎൽഎ ജില്ലാ വികസന സമതി യോഗത്തിൽ ശബരിമല ഇടത്താവള നിർമ്മാണത്തിനായി യോഗം വിളിക്കണമെന്ന് ആവിശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വർഷവും ഇത് നടക്കുമോയെന്ന കാര്യത്തിൽ ആശങ്കയാണ് നാട്ടുകാർക്ക്. കൂടാതെ തിരഞ്ഞെടുപ്പ് കാലത്ത് ഇടത്താവള നിർമ്മാണം നടപടിയായിയെന്ന് പറയുകയല്ലാതെ നടപ്പിലാക്കുന്നില്ലന്നാണ് നാട്ടുകാരുടെ ആരോപണം.
കഴിഞ്ഞ വർഷം പണികൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി മുൻ കരാറുകാരൻ ചെയ്ത ജോലികളുടെ പരിശോധന സർവ്വേ തുടങ്ങിയിരുന്നു. ഇതിനു ശേഷം വേണം ബാക്കിയുള്ള പണികൾക്കു വേണ്ടി റിവേഴ്സ് എസ്റ്റിമേറ്റ് തയ്യാറാക്കാനെന്നാണ് അധികൃതർ പറഞ്ഞത്. കെട്ടിടം പണിയാനുള്ള നിർദ്ധിഷ്ട സ്ഥലത്ത് കാടും വള്ളികളും വളർന്നതിനാൽ ഉദ്യോഗസ്ഥർ ബുദ്ധിമുട്ട് നേരിട്ടാണ് ഒരുപരിധിവരെ അളവ് പൂർത്തികരിച്ചത്. അവിടെ അവശേഷിക്കുന്ന നിർമ്മാണ സാമഗ്രികൾ അടക്കം തുരുമ്പിച്ച് കാടുകളും വള്ളികളും വ്യാപകമായി പടരുകയും ചെയ്തു. കൂടാതെ ഇപ്പോൾ നിർദ്ധിഷ്ട സ്ഥലത്ത് സംസ്ഥാന പാത നിർമ്മാണത്തിലെ കോൺക്രീറ്റ് മാലിന്യങ്ങളും മണ്ണും ഇടുന്ന സ്ഥലമായി മാറിയിരിക്കുകയാണ്.
8വർഷങ്ങൾക്ക് മുൻപ് തുടക്കം കുറിച്ച ഇടത്താവള നിര്‍മ്മാണം വൈകാതെ തന്നെ മുടങ്ങിയിരുന്നു. നാലു മാസം കൊണ്ട് തിർക്കേണ്ട പദ്ധതി എട്ടുവർഷമായിട്ടും അനുമതിക്കായി സമർപ്പിച്ചിക്കുകയാണെന്നാണ് അധികൃതരുടെ മറുപടി. കഴിഞ്ഞ വർഷം റിവേഴ്സ് എസ്റ്റിമേറ്റിലേക്ക് എത്തി കഴിഞ്ഞതായി പൊതുമാരാമത്ത് വകുപ്പ് കെട്ടിടവിഭാഗ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. ഇട്ടിയപ്പാറ ബസ് സ്റ്റാന്റിനോട് ചേർന്നു വയലിൽ മണ്ണിട്ടു നികത്തി ഇടത്താവള നിർമ്മാണം തുടങ്ങിയത്. ഒന്നാം ഘട്ട നിർമ്മാണത്തിന് 16. 50 കോടി രൂപ അനുവദിച്ചിരുന്നു. നിർമ്മാണമാരംഭിച്ച പണികൾ പൈലിങ്ങിൽ ഒതുങ്ങി. ഇsത്താവളത്തിന് പന്ത്രണ്ട് നിലകളുള്ള ബഹുനില മന്ദിരത്തിനായാണ് പൈലിംങ്ങ് ജോലികളാരംഭിച്ചത്. അടിത്തറക്കുവേണ്ടി ഏകദേശം 600പൈലിങ്ങ് വേണമായിരുന്നു.എന്നാൽ പലതവണ മുടങ്ങി 300 പൈലിങ്ങ് നടന്നു കഴിഞ്ഞപ്പോഴേക്കും പണികൾ നിലച്ചിരുന്നു.ഇതിനായി സ്ഥലമെടുപ്പ് അടക്കം അഞ്ചുകോടിയോളം ചിലവഴിച്ചിരുന്നു.
പണികളുടെ കാലതാമസം കാരണം കരാർ റദ്ദ് ചെയ്തു. ഇതിനെതിരെ കരാറുകാരൻ കോടതിയെ സമീപിച്ചതും തുടർ നിർമ്മാണത്തെ ബാധിച്ചു. കരാറുകാരന്റെ സ്റ്റേയ്ക്ക് തീരുമാനം ആകുന്നതിനു മുൻപ് തന്നെ നിർമ്മാണനുമതി സംബന്ധിച്ച് മറ്റൊരു കേസ് സ്വകാര്യ വ്യക്തി ഫയൽ ചെയ്തു. കേസുകൾ ഓരോന്നായി തീർന്ന് വന്നപ്പോഴേക്കും വർഷങ്ങള്‍ കഴിയുകയായിരുന്നു. ഇപ്പോൾ ഇടത്താവള നിർമ്മാണത്തിന് 27 കോടിക്ക് 7 നിലകളുള്ള കെട്ടിടത്തിന് ഡി.പി.ആർ നല്‍കി കിഫ്ബിയുടെ അന്തിമ അനുവദാത്തിനായി റിവേഴ്സ് എസ്റ്റിമേറ്റിന്റെ നടപടിയിലാണന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.