തിരുവല്ല : കോടതികളെല്ലാം ഒരു കുടക്കീഴിലാക്കാൻ ലക്ഷ്യമിട്ട് നിർമ്മിക്കുന്ന ബഹുനില കോടതി സമുച്ചയത്തിന്റെ സ്ട്രക്ച്ചർ നിർമ്മാണം അന്തിമഘട്ടത്തിലായി. നഗരത്തിൽ നിന്ന് രണ്ടര കിലോമീറ്റർ തെക്കുമാറി എം.സി റോഡരികിൽ തിരുമൂലപുരത്താണ് ബഹുനില കെട്ടിടം നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ 23.67 കോടി രൂപ ചെലവഴിച്ചു സെല്ലാർ, ഗ്രൗണ്ട്, ഫസ്റ്റ് ഫ്ളോറുകളുടെ പണികൾ പൂർത്തിയാക്കി. രണ്ടാംഘട്ട നിർമ്മാണത്തിനായി അനുവദിച്ചിട്ടുള്ളത് 25 കോടിയാണ്. സെല്ലാർ ഉൾപ്പെടെ 7നിലകളുടെ സ്ട്രക്ച്ചർ നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടുണ്ട്.
വിവിധ കോടതികൾ, ഓഫീസുകൾ, ലൈബ്രറികൾ, സൂക്ഷിപ്പു സ്ഥലങ്ങൾ, അഭിഭാഷകരുടെയും ഗുമസ്തരുടെയും അസോസിയേഷൻ ഹാളുകൾ, വിശ്രമകേന്ദ്രം, പവർ റൂം, പാർക്കിംഗ് സൗകര്യം,ടോയ്ലെറ്റ് . ഇന്റീരിയർ, ചുറ്റുമതിൽ, ഫ്ലോറിംഗ് ഉൾപ്പെടെ മറ്റു ജോലികൾ അടുത്തമാസം തുടങ്ങും. ഏഴ് നിലകളിലായി 13,717 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കെട്ടിട സമുച്ചയത്തിന്റെ പണികളെല്ലാം പൂർത്തിയാക്കണം. ഹൈക്കോടതിയുടെ അംഗീകാരം ലഭിച്ച പ്ലാൻ പ്രകാരമാണ് നിർമ്മാണം പുരോഗമിക്കുന്നത്. നഗരസഭയിൽ നിന്ന് കൈമാറിക്കിട്ടിയ 152.80 സെന്റ് സ്ഥലത്ത് 2019 ഫെബ്രുവരി 24നാണ് കോടതി സമുച്ചയത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലയിട്ടത്.