റാന്നി : പെരുനാട് കുനങ്കര ശബരി ശരണാശ്രമത്തിലെ പുതിയ അന്നദാന മണ്ഡപത്തിന്റെ ശിലാസ്ഥാപനം സ്വാമി ജുനാ അഖാഡ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി നിർവഹിച്ചു. മാനവസേവ ഓരോ അയ്യപ്പ ഭക്തന്റെയും ധർമമാണെന്ന് അദ്ദേഹം പറഞ്ഞു. അന്നദാനം പുണ്യകർമമാണ്. തീർഥാടനത്തിനെത്തുന്നവർക്ക് സേവനം ചെയ്യുന്നത് അയ്യപ്പപൂജയാണെന്നും സ്വാമി പറഞ്ഞു. ട്രസ്റ്റ് പ്രസിഡന്റ് വി.കെ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണവും സ്വാമി അയ്യപ്പദാസ് അനുഗ്രഹ പ്രഭാഷണവും നടത്തി.
റാന്നി ബ്ലോക്ക് പ്രസിഡന്റ് കെ.എസ്. ഗോപി, പെരുനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, ആർഎസ്എസ് ശബരിഗിരി വിഭാഗ് സംഘചാലക് സി.പി. മോഹനചന്ദ്രൻ, പന്തളം കൊട്ടാരം പ്രതിനിധി നാരായണ വർമ, എവിഎ മെഡിമിസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. എ.വി. അനുപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല, അംഗങ്ങളായ അരുൺ അനിരുദ്ധൻ, മഞ്ജു പ്രമോദ്, ട്രസ്റ്റ് സെക്രട്ടറി വി.എൻ. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.