റാന്നി : പുതിയ പാലത്തിന്റെ നിർമ്മാണച്ചുമതല കിഫ്ബി പൂർണ്ണമായും ഏറ്റെടുത്തെങ്കിലും തുടര്‍ നടപടികൾ നിർത്തിവെച്ചുതു മൂലം നിര്‍മ്മാണം ആരംഭിക്കാനായില്ല. സ്ഥലം ഏറ്റെടുക്കുന്നതിൻ്റെ നടപടി ക്രമങ്ങൾ പൂർത്തികരിച്ച് നോട്ടിഫിക്കേഷൻ നല്‍കുന്നതിലെ കാലതാമസമാണ് തടസ്സമായി നിൽക്കുന്നത്. മുൻപ് പാലത്തിന്‍റെയും അനുബന്ധ റോഡിന്‍റെയും നിർമ്മാണം സ്തംഭിച്ചതിനെ തുടർന്ന് പൊതു മരാമത്ത് വകുപ്പില്‍ നിന്നും പാലത്തിന്റെ നിർമ്മാണച്ചുമതല കിഫ്ബി ഏറ്റെടുക്കുകയായിരുന്നു. എന്നാൽ അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കാനുണ്ടായ കാലതാമസം വീണ്ടും നിർമ്മാണം വൈകിപ്പിക്കുകയാണ്.
ഇപ്പോൾ പാലത്തിന്റെ നിർമ്മാണം പൂർണ്ണ മായും നിലച്ച അവസ്ഥയാണ്. റാന്നി എം എൽഎ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്ന് മന്ത്രി സ്ഥലം സന്ദര്‍ശിക്കുകയും തുടര്‍ന്ന് കിഫ്ബിയെക്കൊണ്ട് പാലത്തിന്റെ നിർമ്മാണച്ചുമതല നേരിട്ട് ഏറ്റെടുക്കുവാൻ നടപടി സ്വീകരിക്കുകയായിരുന്നു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പമ്പാനദിക്ക് കുറുകെയുള്ള വലിയ പാലത്തിന് സമാന്തരമായി പെരുമ്പുഴ – ഉപാസന കടവുകളെ ബന്ധിപ്പിച്ചാണ് പുതിയ പാലം നിർമ്മിക്കുവാൻ കിഫ്ബി ഫണ്ട് അനുവദിച്ചത്. 26 കോടി രൂപ വകയിരുത്തിയ പാലത്തിന്റെ നിർമ്മാണച്ചുമതല പൊതുമരാമത്ത് വകുപ്പിനായിരുന്നു.
റാന്നി കരയിലെ രാമപുരം – ബ്ലോക്ക് പടി റോഡ് ഏറ്റെടുത്ത് ഉന്നത നിലവാരത്തിൽ പുനരുദ്ധരിച്ചാണ് അപ്രോച്ച് റോഡ് വിഭാവനം ചെയ്തിരുന്നത്. ഇതോടെ റാന്നി ബ്ബോക്കു പടി മുതൽ ഇട്ടിയപ്പാറ മിനർവ പടി വരെ സംസ്ഥാന പാതയ്ക്ക് സമാന്തരമായി പുതിയ പാത വരും. ഇതോടെ ഇട്ടിയപ്പാറ, മാമുക്ക്, പെരുമ്പുഴ ടൗണുകളിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുയും ചെയ്യും. പാലത്തിന്റെ ഇരുകരകളിലേയും നദിയിലേയും തൂണുകളുടെ നിർമ്മാണം അന്തിമ ഘട്ടത്തിലായിരുന്നപ്പോഴാണ് പണികള്‍ സ്തംഭിച്ചത്.
തൂണുകള്‍ നിര്‍മ്മിക്കുന്നതിനായുള്ള സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസമാണ് പണി വൈകാന്‍ കാരണമായത്. തുടര്‍ന്ന് കരാര്‍ കമ്പനി തങ്ങളുടെ മേല്‍നോട്ടത്തില്‍ പാലം നിര്‍മ്മിക്കുന്ന കോഴഞ്ചേരിയിലേക്ക് നിര്‍മ്മാണ സാമഗ്രികള്‍ മാറ്റുകയായിരുന്നു. തുടര്‍ന്ന് വിവാദമായതോടെ സ്ഥലം ഏറ്റെടുക്കൽ നടപടി വേഗതയിലാക്കി പാലം നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞങ്കിലും, നാളിതുവരെയായി ഒന്നും തന്നെ നടന്നില്ല.