ചാലക്കുടി : ചാലക്കുടി അടിപ്പാത നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് ബെന്നി ബെഹന്നാൻ എംപിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. തുടര്‍ന്ന് ചാലക്കുടി എംപി ബെന്നി ബെഹന്നാൻ, എംഎൽഎ ടി.ജെ സനീഷ് കുമാർ ജോസഫ് എന്നിവെരെ അറസ്റ്റ് ചെയ്തു നീക്കി. ഉപരോധത്തെ തുടര്‍ന്ന് ചാലക്കുടി ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. അഞ്ച് വര്‍ഷം മുൻപാണ് ചാലക്കുടി അടിപ്പാതയുടെ നിര്‍മ്മാണം തുടങ്ങിയത്. ഇത്രകാലമായിട്ടും നിര്‍മ്മാണം എവിടെയും എത്തിയിട്ടില്ല.
ചാലക്കുടി അടിപ്പാതയുടെ പണി അതിവേഗം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കരാറുകാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് തൃശൂർ ജില്ലാ കളക്ടര്‍ ഫെബ്രുവരിയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. അടിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം പറഞ്ഞത്. കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് (ജി.ഐ.പി.എല്‍) കമ്പനിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയ കളക്ടര്‍, നിര്‍മ്മാണം ഇനിയും വൈകിയാല്‍ സംസ്ഥാന ദുരന്തനിവാരണ നിയമപ്രകാരം കമ്പനിക്കെതിരെ കേസെടുക്കുമെന്നും കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ മാസങ്ങളായിട്ടും അടിപ്പാത നിര്‍മ്മാണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. അടിപ്പാത ഇല്ലാത്തത് മൂലം ദേശീയപാതയിലുണ്ടായ അപകടങ്ങളിൽ ഇതുവരെ 13 പേര്‍ മരണപ്പെട്ടുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. കളക്ടര്‍ കരിമ്പട്ടികയിൽപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയിട്ട് പോലും നിര്‍മ്മാണം പുനരാരംഭിക്കാനോ പദ്ധതി വൈകുന്നതിൽ വിശദീകരണം തരാനോ കരാറുകാര്‍ തയ്യാറായിട്ടില്ല.