മാവേലിക്കര : നഗരസഭയുടെ അധീനതയിലുളള ടി.കെ. മാധവൻ സ്മാരക നഗരസഭാ പാർക്കിൽ അഞ്ചുകോടി ചെലവിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ശാസ്ത്ര, വിനോദ ഉദ്യാനം പദ്ധതിയുടെ നിർവഹണച്ചുമതല പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനു കൈമാറി. എം.എസ്. അരുൺകുമാർ എംഎൽഎ 2022-ൽ ബജറ്റ് നിർദേശമായി സമർപ്പിച്ച പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയതിനെത്തുടർന്ന് വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിനും നിർവഹണ മേൽനോട്ടം വഹിക്കുന്നതിനും കേരള സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയത്തെ ചുമതലപ്പെടുത്തിയിരുന്നു. തദ്ദേശസ്വയംഭരണ വകുപ്പിനെയാണ് നിർമാണച്ചുമതല ഏൽപ്പിച്ചത്.
മുനിസിപ്പൽ പാർക്കിൽ പദ്ധതി നടപ്പാക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് എംഎൽഎ മാവേലിക്കര നഗരസഭയ്ക്ക് കത്തുനൽകിയിരുന്നു. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നഗരസഭയിൽ നിലനിർത്തി നിർമാണത്തിന് പ്രാഥമിക അനുമതി നൽകാൻ 2022-ൽ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. എന്നാൽ കഴിഞ്ഞ ജനുവരിയിൽ പദ്ധതിനിർവഹണച്ചുമതല ഏറ്റെടുക്കാനാവില്ലെന്നു കാട്ടി നഗരസഭാ ഭരണസമിതി എംഎൽഎയ്ക്ക് കത്തുനൽകി. തുടർന്ന് പൊതുമരാമത്തു വകുപ്പിന് നിർവഹണച്ചുമതല നൽകണമെന്ന് അഭ്യർഥിച്ച് എംഎൽഎ ധനകാര്യവകുപ്പ് മന്ത്രിക്കു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ നിർവഹണച്ചുമതല പൊതുമരാമത്തു വകുപ്പിനു നൽകി സർക്കാർ ഉത്തരവിറക്കുകയായിരുന്നു. നഗരസഭ നിരാക്ഷേപപത്രംകൂടി നൽകിയാൽ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്.
വിവിധ ഘട്ടങ്ങളായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് ആദ്യഘട്ടത്തിൽ അഞ്ചുകോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. തുടർന്നുള്ള ഘട്ടങ്ങളിലും തുക അനുവദിക്കും. പദ്ധതി യാഥാർഥ്യമാകുമ്പോൾ സംസ്ഥാനത്തെ ശാസ്ത്ര, വിനോദ ഉദ്യാനങ്ങളിൽ എട്ടാമത്തേതും ജില്ലയിലെ ആദ്യത്തേതുമാകും. ഒരേക്കർ എഴുപതു സെന്റ് ഭൂമിയിൽ തുടങ്ങുന്ന ഉദ്യാനത്തിൽ വിനോദത്തിനും ശാസ്ത്ര വിനോദത്തിനുമുള്ള പാർക്ക്, രാത്രിയും പകലും വാനനിരീക്ഷണം നടത്താനുള്ള സംവിധാനം, കുട്ടികൾക്കായി മിനി ഡിജിറ്റർ തിയേറ്റർ, വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ സമഗ്രമായ ഡിജിറ്റൽ ലൈബ്രറി, മ്യൂസിക്കൽ ഫൗണ്ടൻ പാർക്ക്, മാവേലിക്കരയുടെ ചരിത്രത്തിലേക്കു തുറക്കുന്ന ഗാലറി, മിനി കോൺഫറൻസ് ഹാൾ എന്നിവയുണ്ടാകും. ഭൗതിക, രസതന്ത്ര വിഷയങ്ങൾ വിദ്യാർഥികൾക്കു നേരിട്ട് അനുഭവവേദ്യമാകുന്ന നിലയിലാകും ഉദ്യാനത്തിന്റെ നിർമാണം. ആർടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകളും ഉപയോഗപ്പെടുത്തും.