പന്തളം : വയറപ്പുഴ പാലം നിർമാണം വേഗത്തിൽ പുരോഗമിക്കുന്നു. പാലം പൂർത്തിയാകുന്നതോടെ എംസി റോഡിൽ പന്തളത്തും കുളനടയിലും നിലവിലുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. പന്തളം നഗരസഭയിലെ മുളമ്പുഴ കരയേയും കുളനട പഞ്ചായത്തിലെ ഞെട്ടൂർ ഭാഗത്തേയും ബന്ധിപ്പിച്ചാണ് അച്ചൻകോവിലാറിന് കുറുകെ പാലം പണിയുന്നത്. ആദ്യഘട്ടമായ പൈലിങ് ജോലികൾ പൂർത്തിയാകുന്നു. അഞ്ച് തൂണുകൾക്കായി 21 സ്ഥലത്താണ് പൈലിങ് നടത്തുന്നത്. ഇതിൽ 11 എണ്ണം പൂർത്തിയായി. വെള്ളത്തിനുള്ളിലേതും ഞെട്ടൂർ കരയിലേയും പൈലിങ്ങാണ് ഇനി പൂർത്തിയാകാനുള്ളത്. 104.40 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലം അഞ്ച് തൂണുകളിലായി 3.215 മീറ്റർ ഉയരത്തിലാകും പണിയുക.
ഇരുകരകളിലുമായി 850 മീറ്റർ അനുബന്ധ റോഡുമുണ്ടാകും. മഴക്കാലത്തിനുമുമ്പ് പൈലിങ് പൂർത്തിയാക്കാനാണ് ശ്രമം. ഇതുകഴിഞ്ഞാൽ അടുത്തഘട്ടം ഉടൻ ആരംഭിക്കും. 13.5 കോടി രൂപയാണ് ചെലവ്. രണ്ട് വർഷമാണ് നിർമാണ കാലാവധി. ഞെട്ടൂർ- മുളമ്പുഴ കരകളെ ബന്ധിപ്പിച്ച് വർഷങ്ങളായി തുടർന്ന കടത്ത് നിലച്ചതോടെ പന്തളം വലിയപാലത്തിലൂടെ പന്തളം കവല വഴി കറങ്ങിയാണ് ആളുകൾ മറുകരയിലെത്തുന്നത്. കടത്തുവള്ളത്തിന്റെ സ്ഥാനത്ത് പാലം വരുന്നതോടെ പന്തളം കവലയിലെ ഗതാഗതക്കുരുക്കിൽ പെടാതെ അടൂർ- –- ചെങ്ങന്നൂർ റോഡിൽ പുതിയ പാത തുറന്നു കിട്ടും. മാവേലിക്കര ഭാഗത്തുനിന്ന് ചെങ്ങന്നൂർ, കോട്ടയം ഭാഗത്തേക്ക് പോകാനുള്ളവർക്ക് പന്തളം കവല ചുറ്റാതെ കുളനടയിലെത്തി എം സി റോഡിലേക്ക് പ്രവേശിക്കാം.