പത്തനംതിട്ട : സ്ഥല പരിമിതിയില്‍ വീര്‍പ്പ് മുട്ടുന്ന വൺ വേ റോഡില്‍ കോഴഞ്ചേരി ആശുപത്രിയുടെ മതില്‍ക്കെട്ട് പൊളിച്ച് നിര്‍മ്മിക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കി. വരും ദിവസങ്ങളില്‍ ഇതിനെതിരെ സമരം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. ടി ബി ജംഗ്ഷന്‍ മുതല്‍ സ്വകാര്യ ബസ് സ്‌റ്റാൻഡിൻ്റെ സമീപം വരെയുള്ള റോഡിന് വീതിയില്ലാത്തത് ചിലരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണെന്നും ആരോപണം ഉയർന്നു. പുതിയ പാലത്തിന്റെ നിർമാണം കഴിഞ്ഞാൽ സമീപന പാത വന്നു ചേരുന്നത് വൺവേ റോഡിലാണ്. റോഡിൻ്റെ വീതി വർധിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് മതിൽ നിർമാണം മൂലം ഉണ്ടാകാൻ പോകുന്നത്.
ഇനിയും ഉണ്ടാകുന്ന വികസന പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചില്ലെങ്കിൽ ഗതാഗത ക്കുരുക്ക് കൂടുതൽ രൂക്ഷമാകും. നിർമാണത്തിലുള്ള മതിൽ അകത്തേക്ക് മാറ്റി വെച്ചു കെട്ടുന്നതിന് അധികൃതർ തയാറാകണമെന്നും മുൻപ് പരാതി നൽകിയപ്പോൾ ആശുപത്രിയുടെ പുതിയ കെട്ടിട നിര്‍മ്മാണത്തിനു ശേഷം റോഡിൻ്റെ വശത്ത് നിന്ന് ഉള്ളിലേക്ക് മാറ്റി നിർമിക്കുമെന്ന് പറഞ്ഞ ഉറപ്പ് പാലിക്കാൻ അധികൃതർ തയാറാകണമെന്നും ആവശ്യം ഉയർന്നു. എൻസിപി സംസ്ഥാന നിർവാഹകസമിതിയംഗം മാത്യൂസ് ജോർജ്, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് കൂര്യൻ മടയ്ക്കൽ, എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ ചെറിയാൻ ജോർജ് തമ്പു, ജന താദൾ എസ് നേതാവ് ബിജോ പി.മാത്യൂ കോഴഞ്ചേരി പൗരാവലി പ്രസിഡന്റ് ജോജി കാവുംപടിക്കൽ എന്നിവർ സ്‌ഥലം സന്ദര്‍ശിച്ചു.