കോന്നി : കോന്നി നിയോജകമണ്ഡലത്തിലെ വിവിധ കുടിവെള്ള പദ്ധതികളുടെ നിർമ്മാണ പുരോഗതി അഡ്വ. കെ.യു ജനീഷ് കുമാർ എംഎൽഎ വിലയിരുത്തി. എംഎൽഎയുടെ അധ്യക്ഷതയിൽ മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാർ, സെക്രട്ടറിമാർ, വാട്ടർ അതോറിറ്റി – പൊതുമരാമത്ത് ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം ചേർന്നു. പൊതുമരാമത്ത് റോഡുകളും പഞ്ചായത്ത് റോഡുകളും ശുദ്ധജല വിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിന് മുൻപ് വകുപ്പു ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധന നടത്തണമെന്നും നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി കുഴിക്കുന്ന റോഡുകൾ സമയബന്ധിതമായി പൂർവസ്ഥിതിയിൽ ആക്കുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നും എംഎൽഎ നിർദ്ദേശിച്ചു. കോന്നി നിയോജകമണ്ഡലത്തിൽ 59953 കുടുംബങ്ങളിലേക്ക് കുടിവെള്ള കണക്ഷൻ നൽകുന്നതിനായി 625.11 കോടി രൂപയാണ് ചിലവഴിക്കുന്നത്.
എല്ലാ പ്രദേശങ്ങളിലെയും റോഡുകളിൽക്കൂടി പൈപ്പ് ലൈൻ പോകുന്നത് പഞ്ചായത്ത് ഉറപ്പുവരുത്തണമെന്നും പരമാവധി വേഗത്തിൽ ടാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കണമെന്നും എംഎൽഎ പറഞ്ഞു. പ്രമാടം പഞ്ചായത്തിൽ 9669 കുടുംബങ്ങളിലേക്ക് 102.8 കോടി രൂപയാണ് ഭരണാനുമതി ലഭിച്ചത്. കുളപ്പാറ, നെടുമ്പാറ, പടപ്പുപാറ, കൊച്ചുമല എന്നിവിടങ്ങളിൽ ടാങ്കും, വ്യാഴി കടവിൽ കിണറും നിർമ്മിക്കും. പ്രമാടം പഞ്ചായത്തിൽ ഇതുവരെ 80 കിലോമീറ്റർ ദൂരത്തിൽ ശുദ്ധജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നത് പൂർത്തീകരിച്ചിട്ടുണ്ട്. സീതത്തോട് പഞ്ചായത്തിൽ 5922 കുടുംബങ്ങളിൽ കണക്ഷൻ നൽകുന്നതിന് 51.5 കോടി രൂപയാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. സീതത്തോട് നിലക്കൽ പദ്ധതിയുടെ കോട്ടക്കുഴി സീതക്കുഴി ഗുരുനാഥൻ മണ്ണ് ഗുരുമന്ദിരം അളിയൻ മൂക്ക് എന്നിവിടങ്ങളിലെ 5 ടാങ്കും പദ്ധതിയുടെ ഭാഗമാകും. എട്ടാം ബ്ലോക്ക്, കോട്ടക്കുഴിതടം, തേവർമല, പഞ്ഞിപ്പാറ, ഹരിജൻ കോളനി, ഗവി, മീനാർ, കൊച്ചുപമ്പ എന്നിവിടങ്ങളിൽ ടാങ്കുകൾ സ്ഥാപിക്കും. സീതത്തോട് പഞ്ചായത്തിൽ ഇതുവരെ നിലയ്ക്കൽ കുടിവെള്ള പദ്ധതിക്ക് 142 കിലോമീറ്റർ ദൂരവും 3 കിലോമീറ്റർ ദൂരത്തിലും ശുദ്ധജല വിതരണ പൈപ്പുകൾ സ്ഥാപിക്കുന്നത് പൂർത്തീകരിച്ചിട്ടുണ്ട്.
മലയാലപ്പുഴ പഞ്ചായത്തിൽ 4131 കുടുംബങ്ങളിൽ കണക്ഷന് നൽകുന്നതിനായി 63.28 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭിച്ചിരിക്കുന്നത്. മണിയാർ ഡാമിന് സമീപം ആണ് കിണർ സ്ഥാപിക്കുന്നത്.
മോളൂത്ര മുരുപ്പ്, കാഞ്ഞിരപ്പാറ എന്നിവിടങ്ങളിൽ ടാങ്കുകൾ സ്ഥാപിക്കും. മൈലപ്ര പഞ്ചായത്തിൽ 2839 കുടുംബങ്ങൾക്ക് കണക്ക് നൽകുന്നതിനായി 36.11 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭ്യമായിരിക്കുന്നത്. മണിയാർ ഡാമിനു സമീപ സ്ഥാപിക്കുന്ന കിണറിൽ നിന്നുള്ള ശുദ്ധജലം ആണ് ഉപയോഗിക്കുന്നത്. വല്യന്തി കാറ്റാടി ചീങ്കൽതടം എന്നിവിടങ്ങളിൽ ടാങ്കുകൾ സ്ഥാപിക്കും.
മലയാലപ്പുഴ, മൈലപ്ര പഞ്ചായത്തുകളിലായി ഇതുവരെ 9.5 കിലോമീറ്റർ ദൂരത്തിൽ ശുദ്ധജല പൈപ്പുകൾ സ്ഥാപിക്കുന്നത് പൂർത്തീകരിച്ചിട്ടുണ്ട്.
വള്ളിക്കോട് പഞ്ചായത്തിൽ 3311 കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നൽകുന്നതിനായി 16.60 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭിച്ചിരിക്കുന്നത്. ഇതുവരെ 46 കിലോമീറ്റർ ദൂരത്തിൽ ശുദ്ധജല പൈപ്പുകൾ സ്ഥാപിക്കുന്നത് പൂർത്തീകരിച്ചിട്ടുണ്ട്. തണ്ണിത്തോട് പഞ്ചായത്തിൽ 2841 കുടുംബങ്ങളിൽ ശുദ്ധജലം എത്തിക്കുന്നതിന് 17.54 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭ്യമായിരിക്കുന്നത്. ഇതുവരെ 4.5 കിലോമീറ്റർ ദൂരത്തിൽ ശുദ്ധജല പൈപ്പുകൾ സ്ഥാപിക്കുന്നത് പൂർത്തീകരിച്ചിട്ടുണ്ട്. ഏനാദിമംഗലം പഞ്ചായത്തിൽ എണ്ണായിരത്തി മുപ്പത്തി ഒന്ന് കുടുംബങ്ങൾക്കായി 105 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭിച്ചിരിക്കുന്നത്. കല്ലടയാറ്റിൽ പട്ടാഴി കടുവ തോട്ടിൽ കിണർ സ്ഥാപിച്ചു ഏനാദിമംഗലം ചായലോട് ഒന്നര ഏക്കർ സ്ഥലത്ത് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും, മുരുകൻകുന്ന് ചായലോട് എന്നിവിടങ്ങളിൽ ആണ് ടാങ്ക് സ്ഥാപിക്കുക. ചായലോട് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കുന്ന സ്ഥലത്തേക്കുള്ള വഴിക്ക് ഭൂമി ഏറ്റെടുക്കുന്നത് രണ്ടാഴ്ചക്കുള്ളിൽ പൂർത്തീകരിക്കണമെന്ന് എംഎൽഎ നിർദ്ദേശിച്ചു. ഏനാധിമംഗലം പഞ്ചായത്തിൽ ഇതുവരെ 50 കിലോമീറ്റർ ദൂരത്തിൽ ശുദ്ധജല വിതരണ പൈപ്പ് ലൈൻ സ്ഥാപിച്ചു.
കോന്നി ഗ്രാമപഞ്ചായത്തിൽ 3660 കുടുംബങ്ങൾക്ക് നൽകുന്നതിന് 32.29 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭിച്ചിരിക്കുന്നത്. കോന്നി ഗ്രാമപഞ്ചായത്തിൽ ഇതുവരെ 20 കിലോമീറ്റർ ദൂരത്തിൽ പൈപ്പുകൾ സ്ഥാപിക്കുന്നത് പൂർത്തീകരിച്ചിട്ടുണ്ട്. പൊന്തനാംകുഴിയിൽ വാട്ടർടാങ്ക് സ്ഥാപിക്കും. ഇളയാംകുന്നിൽ ഉള്ള ഒന്നരയേക്കർ റവന്യൂ ഭൂമിയിൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും. റവന്യൂ ഭൂമി ലഭ്യമായിട്ടുണ്ട്. അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ 3,688 ശുദ്ധജല കണക്ഷൻ നൽകുന്നതിനായി 37.06 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭിച്ചിരിക്കുന്നത്. ഇതിൽ 1027 കുടുംബങ്ങൾക്കുള്ള കുടിവെള്ള കണക്ഷൻ കോന്നി മെഡിക്കൽ കോളേജ് ശുദ്ധജല പദ്ധതിയിൽ നിന്നും ആണ് നൽകുന്നത്. ഇതിനായി 13.5 1 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത് ബാക്കിയുള്ള 2661 കുടുംബങ്ങൾക്ക് ശുദ്ധജല കണക്ഷൻ നൽകുന്നതിനായി ഇളയാം കുന്നിലെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാൻറ്റിൽ നിന്നുമെത്തുന്ന ജലം ഊട്ടുപാറ മുരുപ്പിൽ സ്‌ഥാപിക്കുന്ന ടാങ്കിൽ എത്തിക്കും. 21 കിലോമീറ്റർ ദൂരം പൈപ്പ് സ്ഥാപിക്കൽ പഞ്ചായത്തിൽ ഇത് വരെ പൂർത്തീകരിച്ചു.
കലഞ്ഞൂർ പഞ്ചായത്തിൽ 11700 കുടുംബങ്ങൾക്ക് ശുദ്ധജല കണക്ഷൻ നൽകുന്നതിനായി 116.48 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. പഞ്ചായത്തിലെ നാലു വാർഡുകളിൽ 30 കിലോമീറ്റർ ദൂരത്തിൽ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. 16 വാർഡുകളിലെ പ്രവർത്തികൾ അടിയന്തിരമായി ആരംഭിക്കണമെന്ന് നിർദ്ദേശിച്ചു. പഞ്ചായത്തിലെ മലനട, പടപ്പാറ അതിരുങ്കൽ എന്നിവിടങ്ങളിൽ ടാങ്കുകൾ സ്ഥാപിക്കും. അതിരുങ്കലും മലനടയിലും പഞ്ചായത്ത് സ്വകാര്യഭൂമി വിലകൊടുത്തു വാങ്ങുന്ന സ്ഥലത്താണ് ടാങ്ക് സ്ഥാപിക്കുന്നത്. മലനടയിൽ ലഭ്യമായ ഭൂമി പഞ്ചായത്ത് അടിയന്തിരമായി രജിസ്ട്രേഷൻ നടത്തണമെന്ന് എം എൽ എ നിർദ്ദേശിച്ചു. ചിറ്റാർ ഗ്രാമപഞ്ചായത്തിൽ 4667 കുടുംബങ്ങൾക്ക് ശുദ്ധജലവിതരണം നൽകുന്നതിനായി 57.74 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭിച്ചിരിക്കുന്നത്. മണിയാർ ഡാം സ്ഥാപിക്കുന്ന ശുദ്ധജല കിണറിൽ നിന്നും എത്തിക്കുന്ന വെള്ളം ചിറ്റാർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ടാങ്കുകൾ സ്ഥാപിച്ചു വിതരണം ചെയ്യും. വിവിധ സ്ഥലങ്ങളിൽ ടാങ്കുകൾ സ്ഥാപിക്കുന്നതിനായി ഭൂമി പഞ്ചായത്ത് വിലകൊടുത്തു വാങ്ങും. ചിറ്റാർ പഞ്ചായത്തിൽ ഇതുവരെ 15 കിലോമീറ്റർ ദൂരത്തിൽ ശുദ്ധജല വിതരണ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
പദ്ധതി വേഗത്തിൽ നടപ്പിലാക്കുവാൻ വാട്ടർ അതോറിറ്റി – പഞ്ചായത്ത് അധികൃതറുടെ യോഗം 15 ദിവസത്തെ ഇടവേളകളിൽ ചേർന്നു പുരോഗതി വിലയിരുത്തുമെന്നും എം എൽ എ അറിയിച്ചു.
പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എംഎൽഎ യോടൊപ്പം പഞ്ചായത്ത് പ്രസിഡണ്ട് മാരായ രാജഗോപാലൻ നായർ, പി ആർ പ്രമോദ് , എൻ. നവനിത്ത്, ടി വി പുഷ്പവല്ലി, രേഷ്മ മറിയം റോയി, പ്രീജ പി നായർ, രജനി ജോസഫ്, ആനി സാബു, ചിറ്റാർ പഞ്ചായത്ത് പ്രസിഡണ്ട് ഇൻ ചാർജ് രവികല എബി, തണ്ണിത്തോട് വൈസ് പ്രസിഡന്റ് രശ്മി, വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ ഹരികൃഷ്ണൻ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർമാരായ തുളസീധരൻ, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സികുട്ടീവ് എഞ്ജ്നീയർ ഷീന രാജൻ, കെഎസ്ടിപി അസി. എക്സിക്യൂട്ടീവ് എൻജിനീയർ റോജി വർഗീസ്, കെ ആർ എഫ് ബി അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജി, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്ധ്യ, നെൽസൺ, അസിസ്റ്റന്റ് എൻജിനീയർ മാരായ അമ്പു ലാൽ, ബീന, മണ്ഡലത്തിലെ പഞ്ചായത്തുകളിലെ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.