കോഴിക്കോട്: തുടർച്ചയായി നിപ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോഴിക്കോട് ജില്ലയിൽ അടിയന്തര പ്രാധാന്യത്തോടെ ബയോ സേഫ്റ്റി ലെവൽ-3 (ബി.എസ്.എൽ -3) സൗകര്യങ്ങളോടുകൂടിയ ആധുനിക വൈറോളജി ലാബ് സജ്ജമാക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന് ആക്ഷേപം. കേന്ദ്ര പി.ഡബ്ല്യു.ഡിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ലാബ് നിർമാണ പ്രവൃത്തനം നടത്തുന്നത്. കരാർ പ്രകാരം 2022 മേയിൽ ലാബ് പ്രവർത്തന സജ്ജമാക്കണം. കാലാവധി കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും കെട്ടിട നിർമാണം പോലും പൂർത്തീകരിച്ചിട്ടില്ല.
ജില്ലയിൽ നിപ മുമ്പ് നിയന്ത്രണ വിധേയമാക്കിയെങ്കിലും ഇനിയും വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും നിപ സ്ഥിരീകരിക്കുന്നതിനുള്ള ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർചിന്റെ (ഐ.സി.എം.ആർ) ബി.എസ്.എൽ -3 ലാബ് കോഴിക്കോട്ട് സജ്ജീകരിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടൽ ഉണ്ടായിട്ടില്ല. മെഡിക്കൽ കോളജ് അധികൃതർ നിരവധി തവണ ബന്ധപ്പെട്ടാൽ മാത്രമാണ് സി.പി.ഡബ്ല്യു.ഡി കാരാറുകാർ പ്രതികരിക്കുന്നതെന്നും ആക്ഷേപമുണ്ട്.