തിരുവനന്തപുരം: വിദേശമദ്യ ലൈസൻസ് അനധികൃതമായി നൽകിയതുൾപ്പെടെ സംസ്ഥാന എക്സൈസ് വകുപ്പിൽ 10.32 കോടി രൂപയുടെ ക്രമക്കേടെന്ന് കംട്രോളർ-ഓഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ട്. എക്സൈസ് തീരുവ, ലൈസൻസ് ഫീ എന്നിവ ഈടാക്കാതിരിക്കുക, കുറച്ച് ഈടാക്കുക, മറ്റ് ക്രമക്കേടുകൾ എന്നിവ വഴിയാണ് സർക്കാറിന് 10.32 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയത്. കമ്പനി ഡയറക്ടർ ബോർഡ് അനധികൃതമായി പുനഃസംഘടിപ്പിച്ചതിനുള്ള ഫീസും പിഴയും ചുമത്താത്ത മൂന്ന് കേസുകൾ കണ്ടെത്തി. സർക്കാറിന് ഇതിലൂടെ 1.49 കോടി രൂപയുടെ നഷ്ടം ഉണ്ടായി.
ആറ് ബാറുകൾക്ക് അനധികൃതമായി വിദേശമദ്യ ലൈസൻസ് നൽകിയതിലൂടെ 1.69 കോടി രൂപ നഷ്ടം വന്നു. മറ്റ് 20 കേസുകളിലൂടെയാണ് മറ്റൊരു 7.14 കോടി രൂപ നഷ്ടമായത്. 2018 മുതൽ 21 വരെ കാലയളവിൽ സംസ്ഥാന സർക്കാറിന് കീഴിലുള്ള ഡിസ്റ്റിലറിയായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് സർക്കാർ നിശ്ചയിച്ച അധിക സെക്യൂരിറ്റിതുക അടക്കാത്തതിനാൽ 2.51കോടിയുടെ വരുമാനനഷ്ടം ഉണ്ടായി. ഡിസ്റ്റിലറികളുടെ വാർഷിക എക്സൈസ് തീരുവയുടെ ഒരു ശതമാനവും അവസാന മൂന്നുവർഷങ്ങളിൽ അടച്ച എക്സൈസ് തീരുവയുടെ ശരാശരിയും 2017ൽ വർധിപ്പിച്ചിരുന്നു. ട്രാവൻകൂർ ഷുഗേഴ്സ് ഈ തുക അടച്ചില്ല.