ചെങ്ങന്നൂർ : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ചെങ്ങന്നൂരിൽ എത്തുന്ന ശബരിമല തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിന് കുന്നത്തുമല മഹാദേവക്ഷേത്രത്തിനു സമീപം ദേവസ്വം ബോർഡ് വക കിഫ്ബി ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ച് ആരംഭിച്ച ഇടത്താവളത്തിന്റ നിർമ്മാണ പ്രവൃത്തികൾ മന്ദഗതിയിൽ. എട്ടുമാസം കൊണ്ട് പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ച കെട്ടിടനിർമ്മാണമാണ് ഒന്നര വർഷമായി ഇഴഞ്ഞു നീങ്ങുന്നത്. കഴിഞ്ഞ മണ്ഡലകാലത്തും ഏറെക്കാലം നിർമ്മാണം നിറുത്തി വെച്ച ശേഷമാണ് പണികൾ പുനരാരംഭിച്ചത്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ ചെങ്ങന്നൂരിൽ എത്തുന്ന അയ്യപ്പഭക്തർക്ക് വിശ്രമിക്കാനുള്ള മികച്ച സൗകര്യങ്ങൾ ഒരുക്കുക എന്ന പതിറ്റാണ്ടുകൾ നീണ്ട ആവശ്യത്തിന് ഇനിയും കാത്തിരിക്കേണ്ടിവരും എന്ന സ്ഥിതിയാണ്.
മണ്ഡല മകരവിളക്കു കാലയളവിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ചെങ്ങന്നൂരിൽ എത്തുന്ന തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിന് പരിമിതമായ സൗകര്യങ്ങളാണ് നിലവിലുള്ളത്. ആവശ്യമായ ടോയ്ലെറ്റുകളോ സ്നാന സൗകര്യങ്ങളോ ചെങ്ങന്നൂരിൽ ഇല്ല. കുന്നത്തുമല ക്ഷേത്രത്തിനു സമീപമുള്ള ദേവസ്വം ബോർഡ് വക സ്ഥലത്തും കിഴക്കേനടയിലും 9.56 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികൾക്ക് 2020ലാണ് ഭരണാനുമതി ലഭിച്ചത്. ഒരേ സമയം 450 പേർക്ക് വിരിവയ്ക്കുന്നതിനും 200 പേർക്ക് താമസിക്കാനുമുള്ള ഡോർമെറ്ററി സൗകര്യവും 200 പേർക്കുള്ള ഭക്ഷണശാലയുമാണ് ഇവിടെ നിർമ്മിക്കുന്നത്. പൊതുമേഖാല സ്ഥാപനമായ നാഷണൽ ബിൽഡിംഗ് കൺസ്ട്രഷൻ കോർപ്പറേഷനാണ്നിർമ്മാണച്ചുമതല. കരാറുകാരും ദേവസ്വം അധികൃതരും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് നിർമ്മാണം നീളാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.