പത്തനംതിട്ട : ജില്ലയിലെ നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു എംഎല്‍എ. കോമളം പുതിയ പാലത്തിന്റെ നദിയിലുള്ള പൈലിംങ് ജോലികള്‍ പുരോഗമിക്കുന്നു. തിരുവല്ല ബൈപ്പാസിന്റെ സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് നിലവില്‍ തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, ലയണ്‍സ് ക്ലബ് എന്നിവര്‍ നല്‍കിയ പ്രൊപ്പസലിന് അനുമതിയായെന്നും എംഎല്‍എ പറഞ്ഞു. ജില്ലയില്‍ വിവിധയിടങ്ങളില്‍ നേരിടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എം പിയുടെ പ്രതിനിധി അഡ്വ. ജയവര്‍മ പറഞ്ഞു.
മല്ലപ്പള്ളി താലൂക്കിലെ കിഴക്കന്‍ മലയോര മേഖലയായ കോട്ടങ്ങല്‍, കൊറ്റനാട് പ്രദേശങ്ങളില്‍ കാട്ടുതീ പടരാന്‍ സാധ്യതയുള്ളതിനാല്‍ ഫയര്‍ലൈന്‍സ് സ്ഥാപിക്കണം. പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന റോഡുകള്‍ കൈയ്യേറി വ്യാപാരം നടത്തുന്നത് നിയന്ത്രിക്കണമെന്നും അദേഹം പറഞ്ഞു. ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവൃത്തികളുടെ പുരോഗതിയും സ്വീകരിക്കേണ്ട തുടര്‍ നടപടികളും യോഗം വിലയിരുത്തി. ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്ലാനിംഗ് ഓഫീസര്‍ എസ് മായ, ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.