കോന്നി : ഉത്ഘാടനം കഴിഞ്ഞിട്ട് നാല് മാസങ്ങൾ പിന്നിടുമ്പോഴും മിനി ബൈപാസ് റോഡിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയില്ല. ജൂൺ 12നാണ് കോന്നി മിനി ബൈപാസ് നിർമ്മാണ ഉത്ഘാടനം കോന്നി എം എൽ എ കെ യു ജനീഷ് കുമാർ നിർവഹിക്കുന്നത്. ആറ് മാസങ്ങൾ ആയിരുന്നു ബൈപാസിന്‍റെ നിർമ്മാണ കാലാവധി. എന്നാൽ നിർമ്മാണ ഉത്ഘാടനം കഴിഞ്ഞ് നാല് മാസങ്ങൾ പിന്നിടുമ്പോഴും നിർമ്മാണം ആരംഭിച്ചിട്ടില്ല.
റീബിൽഡ് കേരള ഇൻഷെറ്റീവ് പദ്ധതി പ്രകാരം മെയ്‌ന്‍റനൻസ് തുക ഉൾപ്പെടെ 2.57 കോടി രൂപക്ക് ഭരണാനുമതി ലഭിച്ച പ്രവർത്തി ബിജു കൺസ്ട്രക്ഷൻ ഏജൻസി ആണ് കരാർ ഏറ്റെടുത്തത്. മിനി ബൈപാസിന്‍റെ ആദ്യ സ്ട്രച്ച് നിലവിൽ ഉള്ള റോഡ് മുഴുവനായി പൊളിച്ച് നീക്കിയ ശേഷം സിമെന്‍റ് സ്രെബിലൈസെഷൻ ചെയ്ത ശേഷം പതിനഞ്ച് സെന്റിമീറ്റർ ഘനത്തിൽ സിമെന്‍റ് ട്രീറ്റെഡ് ക്രഷ്ട് റോഡ് 3.75 മീറ്റർ വീതിയിൽ ബി എം ബി സി യിൽ ടാർ ചെയ്യും.
രണ്ടാമത്തെ സ്ട്രച്ച് 3.75 മീറ്റർ വീതിയിൽ ബി എം ബി സി സാങ്കേതിക വിദ്യയിൽ നിർമ്മിക്കുവാനും കോന്നി ചന്ത ഭാഗത്ത് കൂടി കടന്നുപോകുന്ന മൂന്നാമത്തെ സ്‌ട്രെച്ച് 3.75 മീറ്റർ വീതിയിൽ ഉന്നത നിലവാരത്തിൽ ഉള്ള കോൺക്രീറ്റ് റോഡ് ആയുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. നാലും അഞ്ചും സ്‌ട്രെച്ച് 3.0 മീറ്റർ വീതിയിൽ കോൺക്രീറ്റ് റോഡ് ആയും നിർമ്മിക്കുന്നതിനാണ് തീരുമാനിച്ചത്. സുരക്ഷ ബോർഡുകൾ , ഐറീഷ് ഓട എന്നിവയും റോഡ് നിർമ്മാണത്തിന്‍റെ ഭാഗമായി നിർമ്മിക്കും. എന്നാൽ നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒന്നും തുടക്കമാകാത്തത് വലിയ ആക്ഷേപം ഉയർത്തുന്നു.