പത്തനംതിട്ട : ബുക്ക് ചെയ്ത വാഹനം സമയത്ത് നല്‍കാത്തിരുന്ന മഹീന്ദ്ര ഡീലര്‍ 210500 രൂപ നഷ്ട പരിഹാരം നല്‍കാന്‍ പത്തനംതിട്ട ഉപഭോക്തൃ കോടതി വിധിച്ചു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കൊല്ലം ഡീലറായ പോത്തന്‍സ് ആട്ടോ പ്രൈവറ്റ് ലിമിറ്റഡ് ആണ് നഷ്ട പരിഹാരത്തുക നല്‍കേണ്ടത്.
വായപൂര് കുടപ്പനയ്ക്കല്‍ വീട്ടില്‍ കെ.റ്റി രാജേഷ് നല്‍കിയ ഹര്‍ജിയിലാണ് ഉപഭോക്തൃ കോടതി വിധി പുറപ്പെടുവിച്ചത്. ശബരി മില്‍ക്ക് ഡിസ്ട്രിബ്യൂട്ടറാണ് രാജേഷ് . വിവിധ സ്ഥലങ്ങളില്‍ പാല്‍ എത്തിച്ചു നല്‍കുന്ന ആവശ്യത്തിലേയ്ക്കാണ് മഹീന്ദ്രയുടെ ബെലേറ പിക് അപ് 10000 രൂപ ബുക്കിങ് ചാര്‍ജ് നല്‍കി ബുക്ക് ചെയ്തത്. തുടര്‍ന്ന് വാഹനത്തിന്റെ വിലയായ 8 ലക്ഷം 21-07-2020 ല്‍ ബാങ്ക് മുഖേന ഡീലര്‍ക്കു നല്‍കുകയും ചെയ്തു. അഞ്ച് ദിവസത്തിനകം വാഹനം നല്‍കാം എന്നു ഉറപ്പിന്‍മേലാണ് വാഹനത്തിന്റെ വില നല്‍കിയത്.
ഡീലര്‍ നിര്‍ബന്ധിച്ച് താല്‍ക്കാലിക പെര്‍മിറ്റും ഇന്‍ഷുറന്‍സും ഹര്‍ജിക്കക്ഷിയെ കൊണ്ട് എടുപ്പിക്കുകയും ചെയ്തു. എന്നാല്‍ ഡീലര്‍ 44ദിവസം കഴിഞ്ഞാണ് വാഹനം നല്‍കിയത്. ഇത് എന്ന് ചൂണ്ടിക്കാട്ടി രാജേഷ് പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു. വാഹനം ലഭ്യമാക്കാന്‍ താമസം വരുത്തിയ കാലയളവില്‍ ദിനം പ്രതി 3000രൂപ വാടകയ്ക്ക് വാഹനം തരപ്പെടുത്തിയാണ് താന്‍ വ്യാപാരം നടത്തിയതെന്നും ആ ദിവസങ്ങളില്‍ വാഹന വായ്പയുടെ പലിശയും മാസഗഡുവും താന്‍ ബാങ്കില്‍ അടക്കേണ്ടതായി വന്നുവെന്നും ഇതിലൂടെ തനിക്കുണ്ടായ സാമ്പത്തിക നഷ്ടവും മനോവ്യഥയും കണക്കിലെടുക്കണമെന്നും ഹര്‍ക്കാരന്‍ ആവശ്യപ്പെട്ടു.
ഡീലറുടെ നിരുത്തരവാദിത്വ പരമായ പ്രവര്‍ത്തിയിലൂടെ ഹര്‍ജിക്കാരന് വരുത്തിയ നഷ്ടം വാസ്തവമാണെന്നു കോടതി കണ്ടെത്തുകയും നഷ്ടപരിഹാരവും കോടതി ചിലവും ഉള്‍പ്പടെ മേല്‍പ്പറഞ്ഞ തുക ഹര്‍ജിക്കാരന് നല്‍കണമെന്നും വിധിക്കുകയായിരുന്നു. എതിര്‍ക്ഷി കോടതിയില്‍ ഹാജരാകതിരുന്നത് കോടതിയോടു കാണിച്ച ധിക്കാരമാണെന്നും ഉത്തരവില്‍ പറയുന്നു.