പത്തനംതിട്ട : ഉപഭോക്താവ് എന്ന നിലയില്‍ ഓരോരുത്തരും ഉപഭോഗവസ്തുക്കളുടെ ഗുണനിലവാരത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഉപഭോക്തൃ വാരാചരണത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഉപഭോക്തൃ വാരാചരണ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കള്‍ തങ്ങള്‍ വാങ്ങുന്ന വസ്തുക്കളില്‍ ഗുണനിലവാരം ഉറപ്പുവരുത്തം. നമ്മുടെ ജില്ലയിലും ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രവര്‍ത്തിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിലൂടെ ചുരുങ്ങിയ നടപടിക്രമങ്ങളില്‍ വേഗതയില്‍ നീതി ലഭ്യമാക്കുന്നതിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോഗവസ്തുക്കളുടെ ഗുണനിലവാരം തൃപ്തികരമല്ലെങ്കില്‍ പോലും ഗ്രാമ, നഗര വ്യത്യാസമില്ലാതെ നിയമപരിരക്ഷക്കായി മുന്നോട്ടുവരുന്നവര്‍ പലകാരണങ്ങളാല്‍ വളരെ കുറച്ചുപേര്‍ മാത്രമാണ്. ഈ കാഴ്ചപ്പാടിന് മാറ്റം വരണമെന്നും ഉപഭോഗ വസ്തുക്കളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പോലെയുള്ള നിയമ സംവിധാനങ്ങള്‍ക്കുള്ള പങ്ക് വലുതാണെന്നും പ്രസിഡന്റ് പറഞ്ഞു. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അംഗം അഡ്വ. നിഷാദ് തങ്കപ്പന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉപഭോക്തൃദിന സന്ദേശം നല്‍കി. വ്യക്തി ജീവിതത്തില്‍ ഉപഭോഗം വര്‍ധിക്കുമ്പോഴാണ് ഏറ്റവും അധികം സന്തോഷം വര്‍ധിക്കുന്നത് എന്ന തെറ്റായ സന്ദേശം സമൂഹത്തില്‍ വളര്‍ന്നു വരാതെ നോക്കണമെന്നും സന്തോഷത്തിന്റെ അളവുകോല്‍ വര്‍ധിച്ച ഉപഭോഗമല്ലെന്ന് തിരിച്ചറിഞ്ഞ് ഓരോരുത്തരും പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ചിത്രരചനാ മത്സരത്തില്‍ വിജയികളായ പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വി. ലക്ഷ്മിപ്രിയ, കോന്നി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ജിമ രാജ്, അപര്‍ണ എസ്.നായര്‍ എന്നിവര്‍ക്കും കോളജ് വിഭാഗം ഫോട്ടോഗ്രാഫി മത്സരത്തില്‍ വിജയികളായ ഷിനോയ് പി. എബ്രഹാം, ഫാത്തിമ ഷിബു, കെ.എസ്. അജീഷ് കുമാര്‍ എന്നിവര്‍ക്കും സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസും കളക്ടര്‍ വിതരണം ചെയ്തു. പ്ലാസ്റ്റിക്ക് മലിനീകരണ നിയന്ത്രണം എന്ന വിഷയത്തില്‍ ടെക്നിക്കല്‍ എക്സ്പേര്‍ട്ട് ജി.ഐ.ഇസഡ് ജെ.എം വിവേക് സെമിനാര്‍ നയിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി. മോഹനകുമാര്‍, നിയുക്ത ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.