പത്തനംതിട്ട : ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് അഡ്വ.ജോര്‍ജ് ബേബി പറഞ്ഞു. ലോക ഉപഭോക്തൃ ദിനത്തോട് അനുബന്ധിച്ച് ഭക്ഷ്യപൊതുവിതരണ ഉപഭോക്തകാര്യ വകുപ്പിന്റെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ അവശ്യ സാധന നിയമം ശക്തിപെടുത്തല്‍ എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാര്‍ട്ടര്‍ സമ്പ്രദായം ഉണ്ടായ കാലം മുതല്‍ ഉപഭോക്താവ് ചൂഷണത്തിനിരയാകുന്നുണ്ട്. ചൂഷണത്തിന് ഇരയാകുമ്പോള്‍ അത് എന്ത് കൊണ്ടാണെന്നത് ചര്‍ച്ച ചെയ്യപ്പെടണം.
വില, ഗുണനിലവാരം എന്നിവ കൃത്യമാണോ എന്നും സേവനത്തിന് പോരായ്മ ഉണ്ടോ എന്നും ഉപഭോക്താവ് അറിയണം. ഇന്ന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഉപഭോക്തൃ കമ്മിറ്റികള്‍ നിലവിലുണ്ട്. വേണ്ടി വന്നാല്‍ സുപ്രീംകോടതിയേയും സമീപിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ അധ്യക്ഷത വഹിച്ചു. ഡിപ്പോ മാനേജര്‍ എം.എന്‍. വിനോദ് കുമാര്‍, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ.ആര്‍ വിപിന്‍, ഡിഎസ്ഒ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ജോസി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയേഴ്‌സ് ചടങ്ങില്‍ സന്നിതരായിരുന്നു.