മലപ്പുറം : കോട്ടക്കലില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്നര്‍ ലോറിക്ക് തീപിടിച്ചു. കോട്ടക്കല്‍ നഗരത്തില്‍ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് അപകടം. മലപ്പുറം ഭാഗത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് തെര്‍മോക്കോളുമായി പോകുന്ന കണ്ടെയ്നര്‍ ലോറിക്കാണ് തീപിടിച്ചത്. ആര്യവൈദ്യശാല ജോലി കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ ഇന്ധനം നിറക്കാന്‍ പോകുകയായിരുന്ന പണിക്കര്‍ക്കുണ്ട് സ്വദേശി മൊയ്തീനാണ് ലോറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. തുടര്‍ന്ന് ഏറെദൂരം സഞ്ചരിച്ച് വാഹനം തടയുകയായിരുന്നു.
ഇതോടെ റോഡിന് മധ്യേ ലോറി നിര്‍ത്തിയിട്ടു. പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഡ്രൈവറടക്കം രണ്ടുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. സാധനസാമഗ്രികളടക്കം ലോറിയുടെ ഉള്‍വശം പൂര്‍ണമായി അഗ്നിക്കിരയായി. അര മണിക്കൂറോളം നിന്നു കത്തിയ ലോറി മലപ്പുറത്തു നിന്നും തിരൂരില്‍ നിന്നും എത്തിയ മൂന്ന് യൂണിറ്റ് അഗ്നിശമന സേന സംഘം ചേര്‍ന്നാണ് തീ അണച്ചത്. കോട്ടക്കല്‍ എസ്.എച്ച്.ഒ എം.കെ. ഷാജി, വേങ്ങര എസ്.എച്ച്.ഒ മുഹമ്മദ് ഹനീഫ, മലപ്പുറം, തിരൂര്‍ അഗ്നിശമന സേന ഉദ്യോഗസ്ഥരായ കെ. പ്രതീഷ്, ജയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാനടപടികള്‍. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.