കൊച്ചി : തുടര്‍ച്ചയായി എ ടിഎം ല്‍ നിന്നും പണം തട്ടുന്നത് ഉപഭോക്താക്കള്‍ക്ക് ഉണ്ടാക്കുന്നത് വന്‍ സാമ്പത്തിക നഷ്ടം. എടിഎം സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ബാങ്കിന്‍റെ കെടുകാര്യസ്ഥതയും. തുടര്‍ച്ചയായുള്ള എടിഎം കവര്‍ച്ച നമ്മുടെ പണം ബാങ്കുകളില്‍ എത്രത്തോളം സുരക്ഷിതമാണെന്ന സംശയം ജനിപ്പിക്കുന്നതാണ്.
പോളണ്ടിളും ജപ്പാനിലുമൊക്കെ ഉള്ളതുപോലെ അതിസുരക്ഷിതമായ ഫിംഗര്‍ പ്രിന്‍റ് എടിഎമ്മുകൾ ഇന്ത്യയിലും ഉടന്‍ വരേണ്ടിയിരിക്കുന്നു. വ്യാപകമാകുന്ന എടിഎം തട്ടിപ്പ് കാരണം വലയുന്നത് സാധാരണ ജനങ്ങളാണ്. നഷ്ടപ്പെട്ടു പോകുന്ന പണം ഇവര്‍ക്ക് തിരികെ കിട്ടുന്നില്ല എന്ന് മാത്രമല്ല ബാങ്കില്‍ കിടക്കുന്ന പൈസക്ക് ഉറപ്പുമില്ല. ബാങ്ക് അക്കൗണ്ട് ഹാക്കിംഗ് നടത്തി തട്ടിപ്പ് നടത്തുന്നവരും ധാരാളം.
കൊച്ചി നഗരത്തില 13 എ.ടി.എമ്മുകളില്‍ ആണ് ഈ അടുത്ത കാലത്ത് പണം നഷ്ടമായത്. പ്രമുഖ ബാങ്ക് ആയ എസ്ബിഐ യുടെ എടിഎംല്‍ നിന്നും തുടര്‍ച്ചയായി മൂന്ന് മാസങ്ങളില്‍ പണം നഷ്ടമായി. മെഷീനിലെ പണം വരുന്ന ഭാഗം സ്‌കെയില്‍ പോലെയുള്ള ഉപകരണം ഉപയോഗിച്ച് തടസ്സപ്പടുത്തിയാണ് തട്ടിപ്പ്. ഇടപാടുകാരന്‍ കാര്‍ഡിട്ട് പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ പണം ലഭിക്കാതെ വരും. പിന്നാലെ എ.ടി.എമ്മില്‍ കയറുന്ന മോഷ്ടാവ് ബ്ലോക്ക് മാറ്റി പണം എടുക്കും. ഇത്തരത്തില്‍ നിരവധി മാര്‍ഗങ്ങളിലൂടെ പണംതട്ടുന്നുണ്ട്.
വിവിധ എ.ടി.എമ്മുകളില്‍ നിന്നായി നിരവധി ആളുകള്‍ക്കാണ് പണം നഷ്ടമായത്. കളമശ്ശേരി, തൃപ്പൂണിത്തുറ, തിരുവാങ്കുളം, വൈറ്റില, കടവന്ത്ര, ചേന്ദമംഗലം, ഇടപ്പള്ളി, ബാനര്‍ജി റോഡ് എന്നിങ്ങനെ പല സ്ഥലങ്ങളില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ട്. ഒരു ഉപഭോക്താവ് അഞ്ച് പ്രാവശ്യത്തില്‍ കൂടുതല്‍ എടിഎം വഴി പൈസ എടുത്താല്‍ ബാങ്ക് 22 രൂപയും ജിഎസ്ടിയും ചാര്‍ജ് ഈടാക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് ഉപഭോക്താവ് ഒരു പ്രാവശ്യത്തിലെ എടിഎം ഉപയോഗത്തിലൂടെ വലിയ തുക എടുക്കാന്‍ ശ്രമിക്കുന്നത്. ഇങ്ങനെ എടുക്കുന്ന തുകയാണ് തട്ടിപ്പില്‍ പോകുന്നത്. ഇതില്‍ നഷ്ടം ഉപഭോക്താവിന് മാത്രമാണ്.
ഓണ്‍ലൈന്‍ ബാങ്കിംഗ് നടത്തുന്നവര്‍ക്കറിയാം ഓ.റ്റി.പി ഉപയോഗിച്ചാണ് എല്ലാ ട്രാന്‍സാക്ഷനും നടത്തുന്നത്. സുരക്ഷിതായ ഉപയോഗത്തിനാണിത്. ഓ.റ്റി.പിയെ കൃത്യമായി ഹാക്കിംഗ് നടത്തി തട്ടിപ്പ് നടത്തുന്നവരും ഉണ്ട്. തട്ടിപ്പ് ഫോണ്‍ കോളുകള്‍ വഴി ഫോണിലേക്ക് മാല്‍വെയറുകളെ കടത്തിവിട്ടാണ് ഓ.റ്റി.പി തട്ടിപ്പ് നടത്തുന്നത്. ഉത്തരേന്ത്യന്‍ ,ആഫ്രിക്കയില്‍ നിന്ന്നുള്ള സംഘങ്ങളും ആണ് കൂടുതലും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്കില്‍ നിന്നാണെന്നും പറഞ്ഞാണ് പലപ്പോഴും ഫോണ്‍ കോള്‍ വരുന്നത്.
തട്ടിപ്പുകാര്‍ സി.വി.വി, എക്‌സ്‌പൈറി ഡേറ്റ്, കാര്‍ഡ് നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ അറിഞ്ഞു കഴിഞ്ഞാല്‍ അടുത്തു ചെയ്യുന്നത് പണം തട്ടുകയാണ്. അണ്‍ ഓതറൈസ്ഡ് ട്രാന്‍സാക്ഷന്‍സാകും പിന്നെ നടക്കുക. സമയം ഒട്ടും പാഴാക്കില്ല തട്ടിപ്പുകാര്‍. ടെക്ക്‌നോളജിയില്‍ കേമന്മാരായ ഇവര്‍ ഓ.റ്റി.പി ലഭിച്ചാല്‍ നിമിഷങ്ങള്‍ക്കകം പണം പിന്‍വലിച്ചിരിക്കും. ഔദ്യോഗിക ഓ.റ്റി.പി ആയതുകൊണ്ടുതന്നെ ബാങ്കുകാര്‍ക്ക് ആ സമയത്ത് ഒരു ഇടപെടലും നടത്താനാകില്ല.
ഇത്രയും ആധുനിക യുഗത്തില്‍ എടിഎം സുരക്ഷയ്ക്ക് വേണ്ട സംവിധാനമില്ലാത്തത് തീര്‍ച്ചയായും വലിയ പരാജയം തന്നെയാണ്. എന്തെങ്കിലും ആവശ്യത്തിന് വേണ്ടി സ്വരുകൂട്ടിയ പണം തട്ടിപ്പുകാര്‍ അടിച്ചെടുക്കുമ്പോള്‍ മുന്നോട്ടുള്ള മാര്‍ഗം സാധാരണക്കാരന് ഒരു ചോദ്യ ചിഹ്ന്നമാകുന്നു. എടിഎം തട്ടിപ്പ് നടക്കുന്നത് ഒരു തവണയോ രണ്ടു തവണയോ അല്ല ഇത് തുടര്‍ച്ചയായി നമ്മുടെ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നതാണ് .
തട്ടിപ്പ് സംഘങ്ങളെ പോലീസ് ഒരു വഴിയില്‍ കൂടി അകത്താക്കുമ്പോള്‍ മറ്റ് വഴിയില്‍ കൂടി അടുത്ത കള്ളന്മാരുണ്ടാകുന്നു.എടിഎം തട്ടിപ്പിന് വേണ്ട ഗവേഷണങ്ങള്‍ അവര്‍ നടത്തി കൊണ്ടെയിരിക്കുന്നു. വേണ്ട സുരക്ഷ ഇല്ലാത്തതു തന്നെയാണ് ഇത് പോലെയുള്ള തട്ടിപ്പിന് കള്ളന്മാര്‍ക്ക് വഴിയൊരുക്കുന്നത്. സിസിടിവി പോലും വക വെക്കാതെയുള്ള തട്ടിപ്പിനായി മോഷ്ടാക്കള്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ്.