ആലുവ: കോണ്‍ട്രാക്‌ട് ക്യാരേജ് വാഹനങ്ങളുടെ ഉടമകള്‍ക്ക് നികുതി അടക്കുന്നതിനുള്ള സമയം നീട്ടി നല്‍കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലായില്ല. ഏപ്രില്‍, മെയ്, ജൂണ്‍ മാസത്തെ നികുതി അടക്കുന്നതിന് ആഗസ്റ്റ് 15 വരെ സമയം നീട്ടി നല്‍കിയതായാണ് മന്ത്രി പ്രഖ്യാപിച്ചത്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നിയമസഭ സമ്മേളനത്തിലായിരുന്നു വാഹന ഉടമകള്‍ക്ക് ആശ്വാസമേകുന്ന പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഒരു മാസം പിന്നിട്ടിട്ടും ഈ പ്രഖ്യാപനം ഉത്തരവായി ഇറങ്ങിയിട്ടില്ല. ഇത് വാഹന ഉടമകള്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. മന്ത്രിയുടെ പ്രഖ്യാപനത്തില്‍ വിശ്വസിച്ച് വാഹനങള്‍ നിരത്തിലിറക്കിയവര്‍ക്ക് നികുതി അടക്കാത്തതിന്റെ പേരില്‍ വന്‍ തുക പിഴയടക്കാന്‍ നോട്ടീസുകള്‍ നല്‍കിയിരിക്കുകയാണ്.
ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം ഉത്തരവിറങ്ങാത്തതിന്റെ ഫലമായാണ് പിഴ ഈടാക്കാനിട വന്നത്. ഉത്തരവ് വൈകുന്നത് മൂലം കേരളത്തിന് വെളിയിലേക്ക് ഓട്ടം പോകാന്‍ പെര്‍മിറ്റും ലഭികുന്നില്ല. ഈ ദുരിത കാലത്ത് മന്ത്രി നിയമസഭയില്‍ നല്‍കിയ ഉത്തരവിന് വിരുദ്ധമായി നല്‍കിയ ചെക്ക് റിപ്പോര്‍ട്ടുകള്‍ പിന്‍വലിക്കാത്ത പക്ഷം ശക്തമായ സമരവുമായി രംഗത്തിറങ്ങാന്‍ ഒരുങ്ങുകയാണ് വാഹന ഉടമകളുടെ സംഘടനയായ കോണ്‍ട്രാക്‌ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍.