തട്ടാരുപടി : നവീകരണത്തിന് പണം അനുവദിച്ചിട്ടും കരാർ തീരുമാനമാകാത്തതിനാൽ പുതുശ്ശേരിഭാഗം റോഡ് പണി വൈകുന്നു. ഏറത്ത് പഞ്ചായത്ത് ഒൻപതാം വാർഡിലെ തട്ടാരുപടി-പുതുശ്ശേരിഭാഗം റോഡ് നവീകരണമാണ് വൈകുന്നത്. നാല് കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ ടെൻഡർ തുക കൂടുതലായതിനാൽ കരാർ തീരുമാനമായില്ല. ഒരു ടെൻഡർ മാത്രമാണ് ലഭിച്ചത്. അനുവദിക്കപ്പെട്ട തുകയിലും 34.5 ശതമാനം ഉയർന്ന ടെൻഡറാണ് കരാർ കമ്പനി നൽകിയത്. ഇത് പുനർനിശ്ചയിക്കാൻ ടെൻഡർ കമ്പനിയുമായി കൂടിയാലോചനകൾ നടക്കുന്നുണ്ടെന്നാണ് വിവരം.
റോഡ് ആധുനിക സാങ്കേതികവിദ്യയിൽ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിക്കുന്നതിനാണ് പണം അനുവദിച്ചത്. നവകേരള സദസ്സിൽ എത്തിയ നിവേദനത്തെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് റോഡ് നവീകരണത്തിന് പണം അനുവദിച്ചത്. അനുവദിച്ചതിൽ അധികം തുക റോഡ് പണിക്കായി ലഭിക്കാൻ സാധ്യതയില്ല. പരമാവധി പത്ത് ശതമാനംവരെ മാത്രമേ തുക ഉയർത്താൻ സാധിക്കൂ എന്നാണ് വിവരം. തീരുമാനമായില്ലെങ്കിൽ പുതിയ ടെൻഡർ ക്ഷണിക്കേണ്ടതായിവരും.