കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ 3 ഗ്രാമീണ റോഡുകൾ ഉന്നത നിലവാരത്തിൽ പുനർനിർമ്മിക്കുന്നതിനു കരാറായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. റീബിൾഡ് കേരളാ ഇൻഷ്യേറ്റീവിൽ ഉൾപ്പെടുത്തിയ 9.45 കോടിയുടെ പദ്ധതികൾക്കാണ് കരാറായത്. ദീർഘനാളുകളായി തകർന്നു കിടന്നിരുന്ന അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ പഞ്ചായത്ത് പടി – പുളിഞ്ചാണി – രാധപ്പടി റോഡ് നാലു കോടി നാലു ലക്ഷം രൂപയ്ക്കും, കോന്നി ഗ്രാമ പഞ്ചായത്തിലെ പോലിസ് സ്റ്റേഷൻപടി – ടി.വി.എം ആശുപത്രിപടി – ഇളങ്ങവട്ടം ക്ഷേത്രം റോഡിനു രണ്ടു കോടി അമ്പത്തിയെഴു ലക്ഷം രൂപയ്ക്കും, സീതത്തോട് പഞ്ചായത്തിലെ കോട്ടമൺപാറ – മേലെ കോട്ടമൺപാറ – പടയണിപ്പാറ റോഡ് രണ്ടു കോടി നാൽപത്തി എട്ടു ലക്ഷം രൂപയ്ക്കുമാണ് കരാർ നല്കിയത്.
റീ ബിൽഡ് കേരള ഇനിഷ്യേറ്റിവിൽ ഉൾപ്പെടുത്തി ചെയ്യുന്ന പ്രവർത്തിയുടെ മേൽ നോട്ടം എൽ എസ് ജി ഡി എഞ്ചിനീയറിങ് വിഭാഗത്തിനാണ്. ജനങ്ങളുടെ ദീർഘകാല ആവശ്യമാണ് യാഥാർത്ഥ്യമാകുന്നതെന്ന് എം.എൽ.എ പറഞ്ഞു. റോഡുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്നും എം എൽ എ പറഞ്ഞു.