തിരുവല്ല : വർഷങ്ങളായി നിർമ്മാണം മുടങ്ങിക്കിടക്കുന്ന പെരിങ്ങര പഞ്ചായത്തിലെ ജനസേവ റോഡിന്റെ പണികൾ പൂർത്തീകരിക്കാത്ത കരാറുകാരനെ ഒഴിവാക്കി. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 2.32 കോടി രൂപ അനുവദിച്ച് നിർമ്മാണം തുടങ്ങിയ ജനസേവ റോഡിന്റെ പണികൾ ഏറ്റെടുത്ത അബ്ദുൾ റഷീദ് എന്ന കരാറുകാരനെ ഒഴിവാക്കിയാണ് സർക്കാർ ഉത്തരവിറക്കിയത്. നിർമ്മാണ കാലാവധി കഴിഞ്ഞിട്ടും പണികൾ പൂർത്തീകരിക്കാൻ സാധിക്കാത്തതിനാൽ നഷ്ടോത്തരവാദിത്വത്തോട് കൂടിയാണ് ഒഴിവാക്കിയത്. അഞ്ച് വർഷ കാലാവധിയിൽ റോഡ് നിർമ്മിക്കാനാണ് ഭരണാനുമതി ലഭിച്ച് കരാർ ഉറപ്പിച്ചത്.
2022 ഏപ്രിൽ എട്ടിന് സൈറ്റ് കരാറുകാരന് കൈമാറി. തുടർന്ന് ജോലികൾ തുടങ്ങിയെങ്കിലും നിർമ്മാണം മന്ദഗതിയിലായിരുന്നു. പണികൾ ഇടയ്ക്ക് വെച്ച് നിറുത്തുകയും ചെയ്തു. വീണ്ടും പണികൾ തുടങ്ങാനും വേഗത്തിൽ പൂർത്തിയാക്കാനും അധികൃതർ നിരവധി തവണ ആവശ്യപ്പെട്ടു. ഒടുവിൽ 2024 നവംബർ 30ന് മുമ്പ് പണികൾ പൂർത്തീയാക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇതുവരെയും പണികൾ തുടങ്ങിയില്ല. കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും 30ശതമാനം തുക സർക്കാരിലേക്ക് അടയ്ക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.