കോട്ടയം : എംജി യൂണിവേഴ്സിറ്റിയില്‍ ജോലിസമയത്ത് പ്രതിഷേധസമരം നടത്തിയ ജീവനക്കാരെ പുറത്താക്കും വരെ സമരം നടത്തുമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി വിഷ്ണു വഞ്ചിമല പറഞ്ഞു. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ ജീവനക്കാര്‍ പൊതു പരിപാടികളില്‍ പങ്കെടുക്കരുത് എന്ന നിയമം നിലനില്‍ക്കെ ജോലിസമയത്ത് സമരം ചെയ്ത ജീവനക്കാരെ ഉടന്‍ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈന്യത്തില്‍ യുവാക്കള്‍ക്ക് അവസരം നല്‍കുന്ന അഭിമാന പദ്ധതിയെ പരസ്യമായി വെല്ലുവിളിച്ച് സര്‍വകലാശാല ആസ്ഥാനം കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ സമര വീഥിയാക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച കോട്ടയം ജില്ല അധ്യക്ഷന്‍ അശ്വന്ത് മാമലശ്ശേരി ധര്‍ണ്ണ സമരത്തിന് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ശ്യാം കുമാര്‍, ജില്ലാ സെക്രട്ടറി വിനോദ് ജില്ലാ ഭാരവാഹികള്‍ ആയിട്ടുള്ള അനീഷ്, പത്മകുമാര്‍, സൂരജ്, ഹരികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.