തിരുവനന്തപുരം:കെടിയുവിൽ വിസിയെ നിയന്ത്രിക്കാൻ സിണ്ടിക്കേറ്റ് ഉപസമിതിയെ വെച്ചതിനെ ചൊല്ലി തർക്കം രൂക്ഷം.തീരുമാനമെടുത്ത സിണ്ടിക്കേറ്റ് യോഗത്തിൽ പങ്കെടുത്തെങ്കിലും മിനുട്സിൽ വിസി സിസ തോമസ് ഒപ്പിടാനിടയില്ല. ചൊവ്വാഴ്ച ചേരുന്ന സെനറ്റ് യോഗത്തിൽ വീണ്ടും തർക്കത്തിന് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന കെടിയു സിണ്ടിക്കേറ്റ് യോഗത്തിൽ വിസി ഒറ്റപ്പെട്ട നിലയിലായിരുന്നു. സർവകലാശാലകളുടെ ദൈനം ദിനകാര്യങ്ങൾക്ക് വിസിയെ സഹായിക്കാനെന്ന പേരിലാണ് പികെ ബിജു അധ്യക്ഷനായി നാലംഗ ഉപസമിതിയെ വെച്ചത്.
സർക്കാറിനെ മറികടന്ന് ഗവർണ്ണർ നിയമിച്ച സിസ തോമസിനെ നിയന്ത്രിക്കൽ തന്നെയാണ് യഥാർത്ഥലക്ഷ്യം. അംഗങ്ങളെല്ലാം ഒറ്റക്കെട്ടായി തീരുമാനങ്ങളെടുത്തതോടെ വിസി എതിർപ്പ് ഉയർത്തിയിരുന്നില്ല. യോഗതീരുമാനങ്ങൾ വാർത്താകുറിപ്പായി ഇറക്കിയതും വിസിയോ പിആർഒ ആയിരുന്നില്ല. വിസി വാർത്താകുറിപ്പ് തയ്യാറാക്കുന്നതിനിടെ സിണ്ടിക്കേറ്റ് അംഗങ്ങൾ തന്നെ വാർത്താകുറിപ്പു പുറത്തിറക്കുകയായിരുന്നു. ഇതില്ലെല്ലാം വിസിക്ക് അതൃപ്തിയുണ്ട്.
മാത്രമല്ല. ചാൻസലറും വിസിയും തമ്മിലെ കത്തിടപാടുകൾ സിണ്ടിക്കേറ്റിന്‍റെ ശ്രദ്ധയിൽകൊണ്ടുവരണമെന്ന സിണ്ടിക്കേറ്റ് തീരുമാനത്തിലും വിസിക്ക് അമർഷമുണ്ട്. വിസിയെ എല്ലാ അർത്ഥത്തിലും സിണ്ടിക്കേറ്റ് മറികടക്കുന്നുവെന്നാണ് പരാതി. അതേ സമയം മറ്റ് സർവ്വകലാശാലകളിൽ നിന്നും വ്യത്യസ്തമായി വിസിക്ക് ദൈനം ദിനകാര്യങ്ങളിൽ കെടിയുവിൽ അധികാരം പരിമിതമാണെന്ന് സിണ്ടിക്കേറ്റ് അംഗങ്ങൾ വിശദീകരിക്കുന്നു. എന്നാൽ അത് ശരിയല്ലെന്ന നിലപാടിലാണ് വിസി. നിയമപരമായ പരിശോധനക്ക് ശേഷം മാത്രമാണ് മിനുട്ടിസിൽ വിസി ഒപ്പിടൂ. ഒപ്പിട്ടില്ലെങ്കിൽ സിണ്ടിക്കേറ്റ് വിസിക്കെതിരെ കടുപ്പിക്കാനും സാധ്യതയുണ്ട്. നടന്ന സംഭവങ്ങളെ കുറിച്ച് വിസി ചാൻസസർക്ക് റിപ്പോർട്ട് നൽകാനും സാധ്യതയുണ്ട്