ഡല്‍ഹി: ടി-20 ലോകകിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യയിലേക്കുള്ള മടക്കയാത്രയെ ചൊല്ലി വിവാദം. ടീമിന്റെ യാത്രയ്ക്കായി ചാര്‍ട്ടര്‍ ചെയ്ത വിമാനം ബര്‍ബഡോസിലേക്ക് എത്തിച്ചത് മറ്റൊരു സര്‍വീസ് റദ്ദാക്കിയാണെന്ന പരാതിയില്‍ എയര്‍ ഇന്ത്യയോട് സിവില്‍ ഏവിയേയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ) വിശദീകരണം തേടി. യു.എസ്സിലെ ന്യൂജേഴ്‌സി സംസ്ഥാനത്തെ നവാര്‍ക്കില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള ബോയിങ് 777 യാത്രാവിമാനമാണ് ഇന്ത്യന്‍ ടീമിനുവേണ്ടി ബര്‍ബഡോസിലേക്ക് എത്തിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നവാര്‍ക്ക്-ഡല്‍ഹി വിമാനം ഇന്ത്യന്‍ ടീമിനായി ബര്‍ബഡോസിലേക്ക് കൊണ്ടുപോയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായി എന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്നാണ് ഡി.ജി.സി.എ. എയര്‍ ഇന്ത്യയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
അതേസമയം ഇന്ത്യന്‍ ടീമിനായി വിമാനം നല്‍കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായിട്ടില്ല എന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജൂലൈ രണ്ടിന് ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാരേയും വിവരം നേരത്തേ അറിയിച്ചിരുന്നു. വിവരം അറിയിക്കാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെത്തിയ ചില യാത്രക്കാരെ റോഡ് മാര്‍ഗം ന്യൂയോര്‍ക്കിലേക്ക് കൊണ്ടുപോയി. അവര്‍ക്ക് മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലേക്ക് യാത്രയൊരുക്കിയെന്നും എയര്‍ ഇന്ത്യ അറിയിച്ചു.