കൊല്ലം: വിതരണം ചെയ്യുന്ന പാചക വാതകത്തിന്റെ തൂക്കം ഉപഭോക്താവിനെ ബോധ്യപ്പെടുത്തിയതിനു ശേഷം മാത്രം ബില്ലിങ് ചെയ്യുന്ന രീതിയാണ് അഭികാമ്യമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. പാചകവാതകത്തിന്റെ തൂക്കവും വിവിധ ചാര്‍ജുകളും സുതാര്യമായി അറിയാനുള്ള അവകാശം ഓരോ ഉപഭോക്താവിനുമുണ്ടെന്നും കമ്മീഷന് അംഗം വി.കെ. ബീനാകുമാരി പറഞ്ഞു. പാചക ഗ്യാസ് വിതരണത്തിലെ ക്രമക്കേടുകള്‍ക്കെതിരെ അഡ്വ.എം.എം. ഹുമയൂണ്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മീഷന് കലക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങി.
പാചക വാതക വിതരണ കൂലി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ടെന്നും അധിക തുക ഈടാക്കിയാല്‍ നടപടിയെടുക്കാറുണ്ടെന്നും കലക്ടര്‍ കമ്മീഷനെ അറിയിച്ചു. കൃത്യവിലോപം കാണിക്കുന്ന ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എല്ലാ ഗ്യാസ് ഏജന്‍സി പാചകവാതക വിതരണക്കാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇലക്ട്രോണിക് ത്രാസ് ഉപയോഗിച്ച് ഗ്യാസ് സിലിണ്ടര്‍ തൂക്കം നോക്കി നല്‍കണമെന്ന് ഏജന്‍സികളെ അറിയിച്ചിട്ടുണ്ടെന്നും കലക്ടര്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറഞ്ഞു.
ഗ്യാസ് സിലിണ്ടറിന്റെ തൂക്കം ഉപഭോക്താവിനെ ബോധ്യപ്പെടുത്തണമെന്നും ജല അതോറിറ്റി വൈദ്യുതി ബില്ലുകള്‍ക്ക് സമാനമായി ബില്ലിങ് സിസ്റ്റം വേണമെന്നും പരാതിക്കാരന് ആവശ്യപ്പെട്ടു. ഇത് സംസ്ഥാനത്തൊട്ടാകെ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാതിക്കാരന് ഉന്നയിച്ച വിഷയങ്ങള്‍ കാലിക പ്രസക്തമാണെന്ന് കമ്മീഷന് ഉത്തരവില്‍ നിരീക്ഷിച്ചു.