പത്തനംതിട്ട : ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഹോമിയോപ്പതി മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നു പനിക്കോ മറ്റെന്തെങ്കിലും അസുഖങ്ങള്‍ക്കോ മരുന്ന് കൊടുക്കരുതെന്നും അത്തരം മരുന്നു വിതരണങ്ങള്‍ക്കെതിരെയും വ്യാജ പരസ്യങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിഎംഒ ഹോമിയോ ഡോ.ഡി.ബിജുകുമാര്‍ അറിയിച്ചു.
കോവിഡ് 19 ജാഗ്രതാ നിര്‍ദേശം കണക്കിലെടുത്ത് ജില്ലയിലെ സര്‍ക്കാര്‍ സ്വകാര്യ ഹോമിയോപ്പതി ചികിത്സാ സ്ഥാപനങ്ങള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖകള്‍ നിര്‍ദേശിക്കുന്നതിനായി ജില്ലാ ഹോമിയോപ്പതി വകുപ്പ് അടിയന്തരയോഗം വിളിച്ചു ചേര്‍ത്തു. കോട്ടയം നാഷണല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാമിയോപ്പതി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ.കെ.സി മുരളിധരന്‍, നാഷണല്‍ ആയുഷ് മിഷന്‍ ഡി.പി.എം: ഡോ.സുനിത, നോഡല്‍ ഓഫീസര്‍ ഡോ.രജികുമാര്‍, ജില്ലയിലെ സര്‍ക്കാര്‍- സ്വകാര്യ ഡോക്ടര്‍മാര്‍, ഹോമിയോപ്പതി ഡോക്ടര്‍മാരുടെ സംഘടനകളായ ഐഎച്ച്കെ, ഐഎച്ച്എംഎ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.
ജില്ലയിലെ സര്‍ക്കാര്‍ സ്വകാര്യ ഹോമിയോ ക്ലിനിക്കുകളില്‍ പനിബാധിതരായി എത്തുന്ന രോഗികളുടെ കണക്ക് പ്രത്യേക റിപ്പോര്‍ട്ടിംഗ് ഫോര്‍മാറ്റില്‍ രേഖപ്പെടുത്താനും അത് എല്ലാ ദിവസവും നോഡല്‍ ഓഫീസര്‍ക്ക് നല്‍കാനും, ജില്ലയിലെ സ്ഥാപനങ്ങളില്‍ ചികിത്സ തേടിയ മൊത്തം പനിബാധിതരുടെ ഡേറ്റാ ആയുഷ് സെക്രട്ടറി, ഹോമിയോപ്പതി ഡയറക്ടര്‍, ആരോഗ്യ വകുപ്പ്, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് അതത് ദിവസം നല്‍കാനും സംവിധാനം ഏര്‍പ്പെടുത്തി. എല്ലാ ഹോമിയോപ്പതി സ്ഥാപനങ്ങളിലും പനി ബാധിച്ചവര്‍ക്ക് മുന്‍ഗണനാ ചികിത്സ ലഭ്യമാക്കും. സംശയമുള്ള രോഗലക്ഷണങ്ങള്‍ ഉള്ള രോഗികളെ ഉടന്‍ വിദഗ്ധ ചികിത്സാ സൗകര്യമുള്ള ആരോഗ്യ വകുപ്പ് കേന്ദ്രങ്ങളിലേക്ക് റഫര്‍ ചെയ്യും. വിദേശ രാജ്യങ്ങളിലെ ആളുകളുമായി ഇടപഴകിയവരെ കൂടുതല്‍ പരിശോധനകള്‍ക്കായി റഫര്‍ ചെയ്യും.