പത്തനംതിട്ട: സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം. പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. കോന്നി ആനക്കൂടും, അടവി ഇക്കോ ടൂറിസം സെന്ററും പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെച്ചു. ഹോട്ടലുകളില്‍ പുതിയ ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ അനുവദിക്കില്ല. നിലവില്‍ ഹോട്ടലുകളിലും ഹോംസ്റ്റേകളിലും താമസിക്കുന്ന വിദേശികളെ നിരീക്ഷിക്കും. കൂടാതെ വിദേശികളുടെ വിവരങ്ങള്‍ ശേഖരിക്കാനും ഉത്തരവുണ്ട്.
ടൂറിസ്റ്റുകള്‍ക്ക് പുറമേ ഹോട്ടല്‍ ജീവനക്കാര്‍ക്കും ടാക്‌സി ഡ്രൈവര്‍ക്കും ബോധ വല്‍ക്കരണ ക്ലാസുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇടുക്കിയില്‍ ആകെ 28 പേരാണ് കോവിഡ് 19 നിരീക്ഷണത്തിലുള്ളത്. 27 പേര്‍ വീടുകളിലും ഒരാള്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും. ഡല്‍ഹിയില്‍ നിന്നെത്തിയ ഉത്തരേന്ത്യക്കാരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്.
ഇന്ന് ആറ് പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചപ്പോള്‍ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 12 ആയി ഉയര്‍ന്നു. ഇറ്റലിയില്‍ നിന്നും പത്തനംതിട്ടയില്‍ തിരികെയെത്തിയ മൂന്ന് പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരാണ് ഈ 6 പേര്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 90 വയസിന് മേല്‍ പ്രായമുള്ള രണ്ട് പേര്‍ക്കും കോട്ടയത്ത് നിന്നും ഇവരെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ പോയ രണ്ടുപേര്‍ക്കും റാന്നിയിലുള്ള രണ്ടുപേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.