നിരാമയ ഇന്‍ഷുറന്‍സ്: ക്ലെയിം ഫോറം നല്‍കണം
നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള ഭിന്നശേഷിക്കാര്‍ ചികിത്സാ ചെലവുകള്‍ റീ-ഇംബേഴ്സുമെന്റായി ലഭിക്കുന്നതിന് രക്ഷ റ്റിപിഎ എറണാകുളം എന്ന സ്ഥാപനത്തിലേക്ക് [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ക്ലെയിം ഫോം സംബന്ധിച്ച മുഴുവന്‍ രേഖകളും അയച്ചു നല്‍കണം. ഒരു കോപ്പി കൊല്ലം എസ്എന്‍എസി (സ്റ്റേറ്റ് നോഡല്‍ ഏജന്‍സി സെന്റര്‍) യിലേക്കും [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ നല്‍കണം. ലോക്ക്ഡൗണ്‍ അവസാനിച്ച് പോസ്റ്റ് ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മുറയ്ക്ക് ഒറിജിനല്‍ ബില്ലുകള്‍ രക്ഷ റ്റിപിഎയ്ക്ക് തപാല്‍ മുഖേന അയച്ചു നല്‍കിയാല്‍ മതിയാകും.
കോവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യം ഒട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പോസ്റ്റ്ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കാത്തതിനാല്‍ രേഖകള്‍ ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് അയയ്ക്കാന്‍ സാധിക്കാത്തതിനാലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സാമൂഹികനീതി വകുപ്പ് അറിയിച്ചു.
ടെലിമെഡിസിന്‍ : വിമുക്തഭടന്മാര്‍ക്ക് ബന്ധപ്പെടാം
പത്തനംതിട്ട പോളിക്ലിനിക്കിലെ ഡോക്ടര്‍മാരുമായി വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് വരെ ഫോണില്‍ ബന്ധപ്പെട്ട് ചികിത്സ തേടാം. ബന്ധപ്പെടേണ്ട നമ്പര്‍ ചുവടെ.
ഡോ.മേരി തോമസ് (ഗൈനക്കോളജിസ്റ്റ്) 9447011304, മെഡിക്കല്‍ ഓഫീസര്‍ ഡോ.അശ്വിന്‍ ജോയ്‌സി 9447725257, ഡോ.ഷെലീന ആന്‍ ബാബു 9605519797, ഡോ.ജോ ആന്‍ ഫിലിപ്പ് 7012795576, ഡെന്റല്‍ ഓഫീസര്‍ ഡോ.വി.ഇന്ദു 9895768642.
എമര്‍ജന്‍സികള്‍ക്കും തുടര്‍ ചികിത്സയ്ക്കും പോളിക്ലിനിക്കില്‍ നിന്നും റെഫെറല്‍ ഇല്ലാതെ എംപാനല്‍ ആശുപത്രികളില്‍ നേരിട്ട് പോകാം. ഏപ്രില്‍ മാസത്തെ മരുന്ന് സ്വയം വാങ്ങി മെയ് 15 നുശേഷം ക്ലെയിം ചെയ്യാവുന്നതാണെന്ന് ഓഫീസര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു.
പട്ടികവര്‍ഗ കോളനികള്‍ക്ക് കുടുംബശ്രീയുടെ കൈത്താങ്ങ്
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ ഇരുന്നൂറോളം പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് ഭക്ഷണകിറ്റ് വിതരണം ചെയ്ത് സഹായഹസ്തവുമായി കുടുംബശ്രീ ജില്ലാ മിഷന്‍. ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പെരുനാട് പഞ്ചായത്തിലെ വേലന്‍പ്ലാവ്, വിളക്ക് വഞ്ചി, അരയാഞ്ഞിലിമണ്‍, ചൊവ്വാലി, ളാഹ, മഞ്ഞത്തോട്, പ്ലാപ്പള്ളി, നിലയ്ക്കല്‍, അട്ടത്തോട്, മൂട്ടിപുളിത്തോട്, ചാലിയക്കര, പമ്പ, ഉതിമൂട് എന്നിവടങ്ങളിലും വടശേരിക്കര ഗ്രാമപഞ്ചായത്തിലെ ഒളികല്‍ അറിഞ്ഞിക്കുഴി എന്നീ പട്ടികവര്‍ഗ കോളനികളിലുമാണ് ഭക്ഷണ കിറ്റ് വിതരണം ചെയ്തത്.
കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വിധുവിന്റെ നേതൃത്വത്തിലുള്ള സംഘം ഗോതമ്പ്, മൈദ, വെളിച്ചെണ്ണ, ബിസ്‌ക്കറ്റ്, ബ്രഡ് എന്നിവയടങ്ങിയ കിറ്റാണ് കുടുംബങ്ങളില്‍ എത്തിച്ചത്. മലമ്പണ്ടാരം, ഉള്ളാളര്‍, മലവേടന്‍, മലയരയന്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ള കുടുംബങ്ങളാണ് ഈ മേഖലകളിലുള്ളത്.
അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എല്‍. ഷീല, എ. മണികണ്ഠന്‍, ജില്ല പ്രോഗ്രാം മാനേജര്‍മാരായ എലിസബത്ത് ജി. കൊച്ചില്‍, വിജില്‍ ബാബു, ഋഷി സുരേഷ്, അക്കൗണ്ടന്റ് കെ. ഷീന്‍, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ രമ്യ, എസ്.ടി കോര്‍ഡിനേറ്റര്‍ രാജി, എസ്.ടി അനിമേറ്റര്‍ വീണ തുടങ്ങിയവര്‍ സംഘത്തില്‍ അംഗങ്ങളായിരുന്നു.
കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 3) 4482 പേര്‍ക്ക് സൗജന്യ ഭക്ഷണം വിതരണം നടത്തി
കമ്മ്യൂണിറ്റി കിച്ചണ്‍ വഴി അഗതി, ആശ്രയ, കിടപ്പുരോഗി, നിര്‍ദ്ധനര്‍, അലഞ്ഞു തിരിഞ്ഞുനടക്കുന്നവര്‍ ഉള്‍പ്പെടെ ദുര്‍ബലരായ 4482 പേര്‍ക്ക് പത്തനംതിട്ട ജില്ലയില്‍ ഇന്ന് സൗജന്യ ഭക്ഷണം വിതരണം നടത്തി. ഇതില്‍ ഉള്‍പ്പെടാത്ത 933 അതിഥി തൊഴിലാളികള്‍ക്കും ഇന്നലെ കമ്മ്യൂണിറ്റി കിച്ചണ്‍ വഴി സൗജന്യമായി ഭക്ഷണ വിതരണം നടത്തി.
ഇന്നലെ 3146 പേര്‍ക്ക് ജില്ലയില്‍ പണം സ്വീകരിച്ച് കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം വിതരണം നടത്തി. കമ്മ്യൂണിറ്റി കിച്ചണ്‍ വഴി മൊത്തം 8561 പേര്‍ക്ക് ഒടുവില്‍ റിപോര്‍ട്ട് കിട്ടുമ്പോള്‍ ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്.