കോട്ടയം : കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളുള്ള രണ്ടു പേരെ കോട്ടയം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുമ്പ് വിദേശത്തു നിന്നെത്തിയ ഇവർ ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിൽ വീട്ടില്‍ കഴിഞ്ഞു വരികയായിരുന്നു. ദിവസേനയുള്ള വിലയിരുത്തലിന്റെ ഭാഗമായി പനി, തൊണ്ടവേദന, ശ്വാസതടസ്സം, തുടങ്ങിയ ലക്ഷണങ്ങളുള്ളതായി ഇവര്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സ് അയച്ച് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.
അതേസമയം ജില്ലയില്‍ ആര്‍ക്കും ഇതുവരെ കൊറോണ വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചിട്ടില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ ചൈന, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്ന് നാട്ടിലെത്തിയ 79 പേര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് വീടുകളില്‍ കഴിയുന്നുണ്ടെന്നും രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും എല്ലാ ദിവസവും ഇവരുടെ ആരോഗ്യസ്ഥിതി വകുപ്പ് വിലയിരുത്തുന്നുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.