തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്‌തിട്ട് ഇന്നേക്ക് ഒരുവര്‍ഷം. 2020 ജനുവരി 30ന് കേരളത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്കായിരുന്നു ആദ്യം രോഗം ബാധിച്ചത്.
പിന്നാലെ ചൈനയില്‍ നിന്നെത്തിയ മൂന്നു വിദ്യാര്‍ത്ഥികളില്‍ കൂടി രോഗം കണ്ടെത്തിയെങ്കിലും കൂടുതലാളുകളിലേക്ക് പകരാതെ നിയന്ത്രിക്കാന്‍ സാധിച്ചു. മാര്‍ച്ച് എട്ടിന് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഇത് കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു.
ക്വാറന്റീന്‍, രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക കൃത്യമായി തയാറക്കല്‍ തുടങ്ങിയവയിലൂടെ കേരളം ലോകത്തിന്റെ മുഴുവന്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ മുതല്‍ മറ്റ് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം വരുതിയിലായെങ്കിലും കേരളത്തില്‍ ഇപ്പോഴും സ്ഥിതി ഗുരുതരമായി തുടരുകയാണ്.
കൊവിഡ് രോഗികളുടെ എണ്ണം ആശങ്കാജനകമായി വര്‍ധിക്കുമ്പോള്‍ സംസ്ഥാനം അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡംഗവും കൊവിഡ് വിദഗ്ദ്ധസമിതി ചെയര്‍മാനുമായ ഡോ.ബി. ഇക്ബാല്‍ പറയുന്നു. ഫെബ്രുവരിയാണ് നിര്‍ണായക മാസം. മാതൃകാപരമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് രാജ്യാന്തര പ്രശസ്തി നേടിയ നാം, ഇപ്പോള്‍ കടുത്ത ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കേസുകളില്‍ 40 ശതമാനത്തിലേറെയും കേരളത്തിലാണ്. ആള്‍ക്കൂട്ടങ്ങളാണ് അതിവ്യാപന സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് മരണനിരക്ക് താരതമ്യേന കുറവാണ്. രാജ്യത്ത് ശരാശരി മരണനിരക്ക് 2.1 ശതമാനമാണെങ്കില്‍ കേരളത്തില്‍ അത് 0.42 ശതമാനമാണ്.