തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനം പരിഗണിച്ച് കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍, പെര്‍മിറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിങ്ങനെയുള്ള വാഹന രേഖകള്‍ പിഴയില്ലാതെ പുതുക്കാനും ഇത്തരം രേഖകളുമായി നിരത്തിലിറങ്ങാനുമെല്ലാം അനുവദിച്ചിരുന്നു. കഴിഞ്ഞ 9 മാസങ്ങളായി ഈ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഡിസംബര്‍ 31 ന് ഈ ആനുകൂല്യങ്ങള്‍ അവസാനിപ്പിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ഓഫീസുകളെല്ലാം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അതിനാല്‍തന്നെ ഇനിയും ഇളവ് നീട്ടാന്‍ സാധ്യതയില്ലെന്നാണ് വിവരം. ഡിസംബര്‍ 31 വരെ മാത്രമെ കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍ സി ബുക്ക്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉപയോഗിക്കാന്‍ കഴിയൂ. ഇളവുകള്‍ നീട്ടിക്കൊണ്ട് കേന്ദ്ര ഗതാഗത മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കിയില്ലെങ്കില്‍ ജനുവരി ഒന്ന് മുതല്‍ കാലാവധി കഴിഞ്ഞ ഇത്തരം രേഖകളുമായി നിരത്തിലിറങ്ങുന്നവര്‍ക്ക് വന്‍ തുക പിഴയായി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.