പത്തനംതിട്ട : ജില്ലയില്‍ കൊറോണ വൈറസ് രോഗബാധാ നിരീക്ഷണം, പരിശോധന എന്നിവയ്ക്കായി ആരോഗ്യ വകുപ്പ് കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കി. ബോധവത്ക്കരണം, ആവശ്യ മരുന്നുകളും ഉപകരണങ്ങളും ലഭ്യമാക്കല്‍, നിരീക്ഷണം, പ്രതിരോധ പ്രവര്‍ത്തനം, റിപ്പോര്‍ട്ടിംഗ് തുടങ്ങി വിവിധ മേഖലകള്‍ ഉള്‍പ്പെടുത്തി വിദഗ്ധരുടെ നേതൃത്വത്തില്‍ വിവിധ സമിതികള്‍ രൂപീകരിച്ചു. എല്ലാ ദിവസവും വൈകുന്നേരം നാലു മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സമിതികള്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവര്‍ കളക്ടര്‍ക്ക് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും.
അസുഖബാധിത പ്രദേശങ്ങളില്‍ നിന്നു വരുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരെയോ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കാന്‍ മടിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍ ഷീജ പറഞ്ഞു. രോഗലക്ഷണങ്ങള്‍ യാതൊരു കാരണവശാലും മറച്ചു വെക്കരുത്. അസുഖ ബാധിത പ്രദേശങ്ങളില്‍ നിന്നു വരുന്നവര്‍ 28 ദിവസം വീടിനുളളില്‍ തന്നെ കഴിയണം. പനി, ചുമ എന്നിവയുളളവര്‍ യാത്രകള്‍ ഒഴിവാക്കുക. ജില്ലയില്‍ ഇതുവരെ ആര്‍ക്കും കൊറോണ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംശയാസ്പദമായി ശേഖരിച്ചയച്ച നാലു സാമ്പിളുകളും നെഗറ്റീവ് ആണെന്നും ഭയമല്ല കരുതലാണ് വേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍ ഷീജ പറഞ്ഞു. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.
0468 2228220 എന്ന നമ്പറില്‍ ബന്ധപ്പെടാം