പത്തനംതിട്ട : കൊറോണ വ്യാപിക്കാന്‍ കാരണം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ അനാസ്ഥയും കൃത്യവിലോപവുമാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു ആരോപിച്ചു. സര്‍ക്കാരിന്റെ പിടിപ്പുകേടിന് പ്രവാസികളുടെ പുറത്തു കേറെണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളില്‍ അനാവശ്യ ഭീതി പരത്തി തങ്ങള്‍ എന്തൊക്കെയോ വലിയ കാര്യങ്ങള്‍ ചെയ്യുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത് . മുന്‍ കരുതലും സൂക്ഷ്മതയും നമുക്ക് ആവശ്യമാണ്. പ്രത്യേകിച്ച് ഒരു വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍. സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും ആത്മാര്‍ഥമായ പിന്തുണ പ്രതിപക്ഷം നല്‍കുന്നുണ്ട്. എന്നാല്‍ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുവാനും മടിയില്ലെന്ന് പഴകുളം മധു പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചതില്‍ എന്താണ് തെറ്റുള്ളത്. മിനിട്ടിനു മിനിട്ടിന് പത്രസമ്മേളനം നടത്തി ജനങ്ങളില്‍ അനാവശ്യ ഭീതി ജനിപ്പിക്കുകയാണ് ആരോഗ്യ മന്ത്രി. ഇത് തുറന്നുപറഞ്ഞതിനാണ് സൈബര്‍ കൂലിപ്പോരാളികള്‍ ചെന്നിത്തലക്കെതിരെ പൊങ്കാലയുമായി വന്നിരിക്കുന്നത്.
ഫെബ്രുവരി 26 നു കേന്ദ്രസർക്കാർ നൽകിയ കോവിഡ് നിർദ്ദേശം സംസ്ഥാന ആരോഗ്യമന്ത്രി അറിഞ്ഞത് ഒരാഴ്ച കഴിഞ്ഞെന്ന് പറയുമ്പോള്‍ ഇതൊക്കെ അത്ര നിസ്സാരമായി കാണാന്‍ പറ്റുമോ. ഫെബ്രുവരി 29 നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ പുറത്തുവന്ന ഇറ്റലിക്കാരെ പരിശോധന നടത്തി അവര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കുവാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ല എന്ന് ആ കുടുംബംതന്നെ പറയുന്നു. സംശയം ഉണ്ടെങ്കില്‍ അന്നേ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാകണം. എയര്‍പോര്‍ട്ടില്‍ നിന്നും അവര്‍ ഒളിച്ചോടി പുറത്തുവന്നതല്ല. വിമാനം നിന്നുകഴിഞ്ഞാല്‍ ഉടന്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി ഓടാന്‍ ഇതെന്താ ലൈന്‍ ബസ്സാണോ. കര്‍ശനമായ പരിശോധനകള്‍ക്കും നടപടികള്‍ക്കും ശേഷം മാത്രമേ എയര്‍പോര്‍ട്ടില്‍ കടക്കുവനും പുറത്തിറങ്ങുവാനും കഴിയു. ഇവിടെ ഉദ്യോഗസ്ഥരുടെ വീഴ്ച ഉണ്ടായിട്ടുണ്ട്. സര്‍ക്കാരും യഥാസമയം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. അതിന്റെ പരിണിതഫലമാണ് സംസ്ഥാനത്ത് കൊറോണ വ്യാപിച്ചത്. തങ്ങളുടെ തെറ്റുകളും വീഴ്ചകളും മറച്ചുവെച്ചുകൊണ്ട് എല്ലാം ഇറ്റലിക്കാരുടെ തലയില്‍ കെട്ടിവെക്കാനാണ് നീക്കം. ആ കുടുബത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്. കണ്ണില്‍ കണ്ടാല്‍ തല്ലിക്കൊല്ലുമെന്നു വരെ ഭീഷണി സന്ദേശം പ്രചരിക്കുന്നു. ഇതൊക്കെ ആരൊക്കെയോ ബോധപൂര്‍വം ചെയ്യുന്നതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കുവാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല. ഈ കുടുംബത്തിന് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുവാന്‍ സര്‍ക്കാരിന് കഴിയില്ല.
ഇറ്റലിക്കാര്‍ പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്ത് വന്നത് ചായ കുടിക്കാനല്ല. അവരുടെ യാത്രാ ആവശ്യങ്ങള്‍ക്കാണ്. എന്നിട്ടും ഇതൊന്നും ആരും അറിഞ്ഞില്ലെന്നു പറയുന്നതില്‍ ഏറെ ദുരൂഹതകള്‍ ഉണ്ട്. ഫെബ്രുവരി 26 ന് കേന്ദ്രത്തിന്റെ കൊറോണ ജാഗ്രതാ നിര്‍ദ്ദേശം വന്നിട്ട് സംസ്ഥാന സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് ചോദിക്കുന്നതില്‍ എന്താണ് തെറ്റ്. പള്ളികളില്‍ ആരാധനയും അമ്പലങ്ങളിലെ ഉത്സവവും വേണ്ടെന്ന് വെപ്പിച്ചു. സ്കൂളുകളും കോളേജുകളും സിനിമാ ശാലകളും പൂട്ടിച്ചു. നല്ലത് തന്നെ, ജനങ്ങള്‍ പൂര്‍ണ്ണമായി സഹകരിച്ചു. എന്നാല്‍ ദിവസേന ആയിരക്കണക്കിന് ആളുകള്‍ എത്തി തിക്കും തിരക്കും കൂട്ടുന്ന മദ്യവില്‍പ്പന ശാലകള്‍ അടക്കില്ലെന്നു പറയുന്നതില്‍ എന്തെങ്കിലും ഔചിത്യമുണ്ടോ. മിക്ക വില്പനശാലകളുടെയും പടികളും പരിസരവും മുറുക്കിത്തുപ്പി വൃത്തിഹീനമാണ്. സ്രവങ്ങളില്‍ നിന്നാണ് രോഗം പകരുന്നതെങ്കില്‍ ആദ്യം അടച്ചുപൂട്ടേണ്ടത് സര്‍ക്കാര്‍ മദ്യ വില്പനശാലകളാണ് . ജീവനക്കാരും ജനങ്ങളും ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ പൂട്ടേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നാണ് കോര്‍പ്പറെഷന്‍ എം.ഡി പറഞ്ഞത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ നിന്നും നിരീക്ഷണത്തില്‍ ഉള്ള ഒരാള്‍ ചാടിപ്പോയിരുന്നു. ഇന്നലെ ആലപ്പുഴയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദേശ ദമ്പതികളും കടന്നുകളഞ്ഞു. ഇവരെ കണ്ടെത്തി തിരികെ പ്രവേശിപ്പിച്ചുവെങ്കിലും ഒരു ചോദ്യം അവശേഷിക്കുന്നു. അതീവ ജാഗ്രതയോടെ കൊറോണ കൈകാര്യം ചെയ്യുമ്പോള്‍ വളരെ സുരക്ഷയുള്ള ഐസോലേഷന്‍ വാര്‍ഡുകളില്‍ നിന്നും നിരീക്ഷണത്തില്‍ ഉള്ളവര്‍ എങ്ങനെ പുറത്തുപോകുന്നു. അങ്ങനെ ആര്‍ക്കും കയറിയിറങ്ങി നടക്കാവുന്നതാണോ ഈ വാര്‍ഡുകള്‍. പിന്നെ എന്തു സുരക്ഷയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. പത്രസമ്മേളനത്തിന്റെ സുരക്ഷയില്‍ കൊറോണയെ അകറ്റി നിര്‍ത്താം എന്നാണോ ആരോഗ്യമന്ത്രി കരുതുന്നതെന്നും പഴകുളം മധു ചോദിച്ചു.
ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയും പഴകുളം മധു പ്രതികരിച്ചിട്ടുണ്ട്. പോസ്റ്റ് വായിക്കാം ….
ഇറ്റലിയിൽ നിന്നും റാന്നിയിൽ എത്തിയവർ പരിശോധനക്ക് വിധേയരായില്ല എന്നറിഞ്ഞപ്പോൾ ഞെട്ടിയതിനേക്കാൾ കൂടുതൽ പ്രതിഷേധിച്ചവരാണ് നാം ഓരോരുത്തരും.
വിമാനത്താവളത്തിൽ ഇവരെ പരിശോധനക്ക് വിധേയരാക്കിയിരുന്നെങ്കിൽ ഒരുപക്ഷെ ഈ ഭീതിജനകമായ സാഹചര്യം കേരളത്തിൽ ഉണ്ടാകുമായിരുന്നില്ല.
കോവിഡ് ഭീതി റാന്നിക്കാർ വരുന്നതിന് മുമ്പേ കേരളത്തിൽ ഉണ്ടായിരുന്നു.സ്വീകരിക്കേണ്ട മുൻകരുതലുകൾ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.
എന്നിട്ടും നമുക്ക് വിമാനത്താവളത്തിൽ വീഴ്ചപറ്റി.സർക്കാരും ആരോഗ്യമന്ത്രിയും ചെയ്തകാര്യങ്ങൾ സ്വാഗതം ചെയ്യുമ്പോൾത്തന്നെ ചെയ്യേണ്ടിയിരുന്ന കാര്യങ്ങൾ കൂടി ഓർമിപ്പിക്കുന്നത് നന്നായിരിക്കുമെന്ന് കരുതട്ടെ…..
1.ഇറ്റലിയിൽ നിന്ന് ഇന്നലെ തിരുവനന്തപുരം എയർപോർട്ടിൽ വന്നിറങ്ങിയ തിരുവനന്തപുരം സ്വദേശിയെ നേരെ മെഡിക്കൽ കോളേജിലേക്കാണ് കൊണ്ടുപോയത്. അതുകൊണ്ട് അദ്ദേഹം പുറത്തിറങ്ങി രോഗം പരത്തിയില്ല. ഈ ഗൗരവം കൊച്ചി വിമാനത്താവളത്തിൽ കാണിച്ചിരുന്നെങ്കിൽ കേരളത്തിൽ കോവിഡ് ഭീതി തന്നെ ഉണ്ടാകുമായിരുന്നില്ല. “A stitch in time saves nine” എന്ന ആപ്തവാക്യം ഇവിടെ ഓർക്കുക.
2.റാന്നി താലൂക്ക് ആശുപത്രിയിൽ വന്ന കേസ് കോവിഡ് ആണെന്ന് കണ്ടുപിടിച്ചത് അവിടെ ഒ പിയിൽ ഉണ്ടായിരുന്ന ഡോ. ആനന്ദ് ആണ്.തിരുവല്ല സ്വദേശി മിടുക്കനായ ആനന്ദ് ആണ് സൂപ്രണ്ട് ഡോ ശംഭുവിനെ വിവരം ധരിപ്പിച്ചത്. ഇപ്പോൾ സ്വന്തം വീട്ടിൽ നിരീക്ഷണത്തിലാണ് ആനന്ദ്. ഡോ ശംഭു നിരീക്ഷണത്തിലൊന്നുമല്ല കേട്ടോ.
3.ഇറ്റലിയിൽ നിന്നും റാന്നിയിലെത്തിയ കോവിഡ് ബാധിതർ പത്തനംതിട്ട എസ് പി ഓഫീസിൽ വന്നിരുന്നു. അവിടാർക്കും അപ്പോൾ ബുദ്ദി ഉദിച്ചില്ല. പോലീസിന്റെ ഒരു മുൻകരുതൽ !!!!
അതൊന്നുമല്ല കാര്യം. അയാൾ വന്നുകണ്ട ആ പോലീസുകാരനെ തന്നെ ആറ്റുകാൽ പൊങ്കാല ഡ്യൂട്ടിക്ക് നിയോഗിച്ചു നമ്മുടെ പത്തനംതിട്ട പോലീസ്. കേരള പോലീസ്. എന്തൊരു ശുഷ്‌കാന്തി. അയാളും ഇപ്പോൾ ഐസൊലേഷനിലാണ്.
4.കോവിഡ് ഭീതി ഏറ്റവും കൂടുതലുള്ള പത്തനംതിട്ടയിലെ സർക്കാർ ആശുപത്രികളിൽ ഒരിടത്തും കോവിഡ് പടരാതിരിക്കാൻ ജനം തിരക്കുന്ന മാസ്കും,സാനിട്ടയ്‌സറുപോലുമില്ല! പാവങ്ങൾ കയറി ഇറങ്ങിയതല്ലാതെ ആർക്കും കിട്ടിയില്ല. ഇതൊന്നും വാങ്ങാൻ സർക്കാർ ആശുപത്രികളിൽ ഒന്നിനും ചില്ലിക്കാശുപോലും കൊടുത്തില്ല സർക്കാർ. മറ്റു ജില്ലകളിലും സ്ഥിതി ഇതാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
സംശയമുള്ളവർക്ക് അന്വേഷിച്ചു മനസ്സിലാക്കാം. ജില്ലയിലെ ഒരു മെഡിക്കൽ സ്റ്റോറിലും മേല്പറഞ്ഞ സാധനങ്ങൾ ഒന്നും കിട്ടാനില്ല. ഉള്ളതിനോ കരിഞ്ചതയിൽ പത്തിരട്ടി വിലയും.ഇതിലൊക്കെ അല്ലെ മന്ത്രിയും സർക്കാരും ഇടപെടേണ്ടത്. എവിടെ നിന്നെങ്കിലും അവശ്യസാധനങ്ങൾ എത്തിക്കുക,സാധനങ്ങൾ റെയ്ഡ് ചെയ്തു പിടിച്ചെടുത്തു ജനങ്ങൾക്ക് വിതരണം ചെയ്യുക എന്നിവയൊക്കെ ഒരു സർക്കാരിന്റെ ചുമതലയിൽപ്പെടുന്ന കാര്യങ്ങളല്ലേ ?
5.എല്ലാവർക്കും അവധികൊടുത്തു ഭീതി പരത്തുന്ന സർക്കാർ പക്ഷെ, സർക്കാർ ഖജനാവിനും പാർട്ടിക്കും വരുമാനം കിട്ടുന്ന കടകളൊന്നും അടക്കാൻ പറഞ്ഞില്ല.മാൾ ഓഫ് ട്രാവങ്കൂറും ലുലു മാളും ആയിരങ്ങളെ ഇടതടവില്ലാതെ കടത്തിവിടുന്നു, ബിവറേജസ് ഷോപ്പുകൾക്കവധിയില്ല, വോട്ടർപട്ടികയിൽ പേരുചേർക്കാനും ഹിയറിംഗിനും അവധിയില്ല. ട്രെഷറിയിലേക്ക് മാർച്ചു 31 വരെ ആരും വരാതിരുന്നാൽ ആ കടമ്പയും വർഷാവസാനം കടന്നുകിട്ടും. എല്ലാംകൊണ്ടും സർക്കാരിന് കുശാലായെന്നു പറഞ്ഞാൽ മതി. വല്ലഭന് പുല്ലും ആയുധം എന്ന് പറഞ്ഞത് സത്യത്തിൽ ഗുണമായി ഭവിക്കുന്നത് ഈ സർക്കാരിനാണ്. ഒന്നും രണ്ടും പ്രളയങ്ങൾ ഉപകരിച്ചപോലെ ഇതും അനുഗ്രഹിക്കുമെന്നു കരുതുന്നു.
6.പ്രൈം ടൈമിൽ എല്ലാ ദിവസവും വന്നു പത്രസമ്മേളനം നടത്തുന്നവർക്ക് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകാനുള്ള ബാധ്യതയുണ്ട്.
7.റാന്നിയിൽ സ്വമേധയാ പരിശോധനക്ക് വിധേയരാകാതെ നാട്ടിൽ പനിപടർത്തിയ വ്യക്തികളെ സാമൂഹ്യ മാധ്യമങ്ങളിൽ തെറിയഭിഷേകം ചെയ്തു പ്രതികരിച്ചവരുടെ ശൈലി ഏതാണ്ട് ഒരേപോലെ തോന്നി. അവർക്കാരെയൊക്കെയോ രക്ഷിക്കാനുള്ളപോലെ തോന്നി.
8.കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും വിദേശത്തുനിന്നും വന്നവർക്കാണ് കോവിഡ് 19 ബാധയുണ്ടായത്. കേരളത്തിൽ മാത്രമാണ് പൊതുജനങ്ങൾക്കിടയിലേക്കു വൈറസ് പടർന്നത്. അതിനുകാരണം വിമാനത്താവളത്തിലെ അനാസ്ഥയാണ് കൃത്യവിലോപമാണ്.
9. ഫെബ്രുവരി 26 നു കേന്ദ്രസർക്കാർ നൽകിയ കോവിഡ് നിർദ്ദേശം ഒരാഴ്ച കഴിഞ്ഞാണത്രെ aആരോഗ്യ മന്ത്രി അറിഞ്ഞത്!!!!!!
മേലുദ്ധരിച്ച കാര്യങ്ങളിൽ ആരായിരുന്നു കൂടുതൽ ശ്രദ്ദിക്കേണ്ടിട്ടിരുന്നത്?
അവരെല്ലാം ശ്രദ്ദിച്ചോ എന്ന് ചോദിക്കുവാൻ ഈ നാട്ടിൽ അവകാശമുണ്ടോ നമ്മൾ പൗരന്മാർക്ക് ?
സർക്കാരിന്റെ നല്ല വശങ്ങളെയെല്ലാം പ്രതിപക്ഷം അംഗീകരിക്കുന്നു.
ആരോഗ്യമന്ത്രി, മുഖ്യമന്ത്രി എന്നിവരെ പ്രകീർത്തിച്ചു പറയുന്നവരോടും നമുക്ക് വിരോധമില്ല. വ്യത്യസ്തമായി പറയാനുള്ള അവകാശം കൂടി അംഗീകരിച്ചു കൊടുത്താൽ കൊള്ളാം.പ്രതിപക്ഷനേതാവ് ഉൾപ്പെടെ സംഗതിയുടെ മറുവശം പറയുന്നവരെ കടന്നാക്രമിക്കുന്നത് ആ ചർച്ച നമ്മുടെ വീഴ്ചകൾ പുറത്തുകൊണ്ടുവരുമെന്ന ഭയം മൂലമാണ്. ദയവായി അവരെ തെരഞ്ഞുപിടിച്ചു അധിക്ഷേപിക്കരുത്.അധിക്ഷേപിക്കരുത്.അവരും പറയട്ടെ.ജനങ്ങൾ കേൾക്കട്ടെ.
പറയാനുള്ള അവകാശം അംഗീകരിച്ചുകൊടുക്കുക.
അതുകൊണ്ട് വീണ്ടും ഓർമിപ്പിക്കട്ടെ …….
“A stitch in time saves nine”