പത്തനംതിട്ട : കൊറോണ നിരീക്ഷണത്തിനായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുമായി രണ്ട് ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ.എല്‍ ഷീജ പറഞ്ഞു.
ജില്ലയില്‍ 22 പേര്‍ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തില്‍ ഉണ്ട്. ആരിലും കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. ചൈനയില്‍ നിന്നും നാട്ടിലെത്തിയവരെയാണ് ആരോഗ്യ വകുപ്പ് നിരീക്ഷിച്ചു വരുന്നത്. മെഡിക്കല്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 22 പേര്‍ക്കും വീടുകളില്‍ തന്നെയാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരീക്ഷണത്തിന്റെ ഭാഗമായി ഇരുപത്തിയെട്ട് ദിവസം ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ഏതെങ്കിലും വിധത്തിലുള്ള മാറ്റങ്ങള്‍ കാണപ്പെടുകയാണെങ്കില്‍ ജില്ലയിലെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റുമെന്നും ഡിഎംഒ പറഞ്ഞു.
വീടുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയവര്‍ക്ക് ആരോഗ്യവകുപ്പിന്റെ സേവനം ലഭ്യമാക്കും. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം മാത്രമേ ഇവര്‍ ആശുപത്രികളില്‍ ചികിത്സ തേടാവു. നിരീക്ഷണത്തിലുള്ളവര്‍ പൊതു പരിപാടികളിലോ ആളുകള്‍ കൂടുന്ന ഇടങ്ങളിലോ പങ്കെടുക്കാതെയിരിക്കാന്‍ ശ്രദ്ധിക്കണം.