തൃശൂര്‍: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന എട്ട് പേരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെയാണ് ഡിസ്ചാര്‍ജ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
വീട്ടിലേക്ക് മടങ്ങിയാലും രോഗത്തിന്റെ നിരീക്ഷണ കാലയളവായ 28 ദിവസം ഇവരെ വീട്ടില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനാണ് തീരുമാനം. ജില്ലയില്‍ ഒരാള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ വിദ്യാര്‍ഥിനിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മന്ത്രി ശൈലജ ടീച്ചര്‍ തന്നെ അറിയിച്ചിരുന്നു. 211 പേര്‍ വീടുകളിലും 30 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലുണ്ട്. അഞ്ച് സാമ്പിളുകള്‍ കൂടി പരിശോധനക്കായി അയച്ചിട്ടുണ്ട്. നേരത്തേ രോഗ ലക്ഷണങ്ങളുമായി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കഴിഞ്ഞിരുന്ന എട്ട്‌പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇവിടെയും ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.