ന്യൂഡൽഹി: ജീവനുള്ള ശരീരങ്ങള്‍ക്ക് പുറത്ത് കൊറോണ വൈറസിന്റെ അതിജീവനശേഷി നേരത്തെ കണക്കാക്കിയതിനെക്കാള്‍ കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്. ആഡംബര കപ്പലുകളിൽ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ഇതനുസരിച്ച് 17 ദിവസം ജീവനുള്ള ശരീരങ്ങള്‍ക്ക് പുറത്ത് വൈറസിന് സജീവമായി നിലനില്‍ക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. ഇന്നലെയാണ് സെന്‍റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രവന്‍ഷ്യന്‍ ഇതു സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഡയമണ്ട് പ്രിന്‍സസ്, ഗ്രാൻ്റ് പ്രിൻസസ് എന്നീ ആഡംബര കപ്പലുകളില്‍ നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങള്‍ ലഭ്യമായത്.
ഈ കപ്പിലില്‍നിന്ന് യാത്രക്കാരെ പൂര്‍ണമായി ഒഴിപ്പിച്ച് 17 ദിവസത്തിനുശേഷവും സജീവമായ വൈറസുകള്‍ ഉണ്ടായിരുന്നതായാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. കപ്പലിലെ കാബിനുകളുടെ ഉപരിതലങ്ങളില്‍ വൈറസുകള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയെന്നാണ് ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. യാത്രക്കാര്‍ ഇറങ്ങിയതിന് ശേഷം, അണുനാശിനി തളിക്കുന്നതിനും മുമ്പാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഡയമണ്ട് പ്രിന്‍സസ്, ഗ്രാന്റ് പ്രിന്‍സസ് എന്നീ കപ്പലുകളിലാണ് വൈറസുകള്‍ 17 ദിവസവും കഴിയുന്നതായി കണ്ടെത്തിയത്.
കോവിഡ് 19 വൈറസുകളുടെ വ്യാപനത്തില്‍ ക്രൂയ്‌സ് ഷിപ്പുകള്‍ വലിയ പങ്ക് വഹിക്കുന്നതായി പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും വേഗത്തില്‍ വിവിധ പ്രദേശങ്ങളിലേക്ക് രോഗം പടരാന്‍ ഇതു കാരണമാകുന്നുവെന്നും പഠനം പറയുന്നു. ലാബോറട്ടറികളില്‍ നടത്തിയ 800 പരീക്ഷണങ്ങളില്‍ കോവിഡ് 19 ന്റെ വ്യാപനം ക്രൂയിസ് ഷിപ്പുകള്‍ വഴിയാണ് ശക്തിപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ രാജ്യങ്ങളിലെ യാത്രക്കാര്‍ സഞ്ചരിക്കുന്നതും അടച്ചിട്ട അന്തരീക്ഷവുമാണ് ഇതിന് കാരണം. വൈറസിനെ പൂര്‍ണമായി നിയന്ത്രിക്കുന്നത് വരെ ക്രൂയിസ് ഷിപ്പുകളിലെ യാത്ര ഒഴിവാക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 272 ആഡംബര കപ്പലുകളിലായി മൂന്ന് കോടി ജനങ്ങള്‍ പ്രതിവര്‍ഷം യാത്ര ചെയ്യുന്നതായാണ് കണക്കാക്കുന്നത്. വ്യത്യസ്ത ജനവിഭാഗങ്ങളെ ഒന്നിച്ചു ചേര്‍ക്കുന്നതു കൊണ്ടാണ് സാംക്രമിക രോഗങ്ങള്‍ കൂടുതല്‍ ഇത്തരം കപ്പലുകളിലൂടെ പടരുന്നത്.
ഫെബ്രുവരിയില്‍ ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് 19 ബാധിച്ചത് ഡയമണ്ട് പ്രിന്‍സസിലായിരുന്നു. ജപ്പാനിലെ യോക്കോഹാമയിലാണ് കപ്പല്‍ നങ്കൂരമിട്ടത്. പിന്നീട് മാർച്ച് ആറിന് കാല്‍ഫോര്‍ണയിയില്‍ എത്തിയ ഗ്രാന്റ പ്രിന്‍സസിലെ യാത്രക്കാര്‍ക്കും വൈറസ് ബാധിച്ചതായി കണ്ടെത്തി. 30 ഓളം കപ്പലുകള്‍ ഇപ്പോഴും യാത്രയിലാണെന്നാണ് ക്രൂയിസ് ലൈന്‍സ് ഇന്റര്‍നാഷണല്‍ എന്ന സംഘടന പറയുന്നത്. ഈ കപ്പലുകളെ അടുപ്പിക്കാന്‍ ആരാണ് അനുമതി നല്‍കുകയെന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തതയില്ല. രണ്ട് മാസത്തിനിപ്പുറം മൂന്ന് ലക്ഷത്തിലേറെ പേര്‍ക്കാണ് ഇപ്പോള്‍ വൈറസ് ബാധയുണ്ടായിരിക്കുന്നത്. മരണം 15000 കവിഞ്ഞു. ലോകത്തെ വിരലിലെണ്ണാവുന്ന ചില രാജ്യങ്ങളിലൊഴിച്ച് ബാക്കി എല്ലായിടത്തും കൊവിഡ് 19 എത്തികഴിഞ്ഞുവെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.